കേരളത്തിൽ നടന്ന തീപാറുന്ന തൊഴിലാളി സമരങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ച സമര നായകനാണ് ടി.എം. പ്രഭ. കശുഅണ്ടി തൊഴിലാളികളുടെ പൂർവികർ ടി.എം. പ്രഭ എന്ന പോരാളിയെ കൃതജ്ഞതയോടെ ജീവിതാവസാനം വരെ ഓർമ്മിക്കുന്നുണ്ടാകും.
ഏഴ് ദശാബ്ദക്കാലം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ ടി.എം. പ്രഭ 1958ലെ വിമോചന സമരത്തിന്റെ ഇതിഹാസ നായകനായിരുന്നു. ആർ.എസ്.പി.നേതാവ്, ശക്തനായ ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെട്ടിരുന്ന ടി.എം. പ്രഭ നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷം തികയുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണിത്.1922 ഏപ്രിൽ 7ന് പട്ടത്താനത്ത് കുന്നുവിളയിൽ മാധവൻ - കാർത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ച ടി.എം. പ്രഭയുടെ പ്രാഥമിക വിദ്യാഭ്യാസം പട്ടത്താനം എൽ.എം.എൽ.പി സ്കൂളിലായിരുന്നു. കൊല്ലം ഗവ. മലയാളം ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു.
സ്റ്റേറ്റ് കോൺഗ്ര് നേതാവ് അഡ്വ. പി.ജി. വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥയിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്ത് രണ്ടാഴ്ചക്കാലം ചെങ്കോട്ട ലോക്കപ്പിലടച്ചു. ജയിൽ മോചിതനായ പ്രഭ സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പുനലൂർ മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പിന്നീട് കുറേക്കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1948ൽ രൂപീകരിച്ച കെ.എസ്.പി.യുടെയും തുടന്ന് ആർ.എസ്.പി.യുടെയും സജീവ പ്രവർത്തകനായി.1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് കൊല്ലത്ത് ആർ. ശങ്കർക്കെതിരായി മത്സരിച്ച ടി.കെ. ദിവാകരനും പത്തനാപുരത്ത് ടി.എം. വർഗീസിനെതിരായി മത്സരിച്ച പി.ടി. പുന്നൂസിനും വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി. ഇതിനകം അദ്ദേഹം ടി.കെ. ദിവാകരന്റെ അടുത്ത അനുയായിയായി മാറിക്കഴിഞ്ഞിരുന്നു. പുത്തൂരിൽ സ്ഥിരതാമസമാക്കിയ പ്രഭ ആർ.എസ്.പി നേതൃത്വത്തിൽ രൂപീകരിച്ച അഖിലകേരള കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി. 1951ൽ മാറനാട് ജനാബ് തങ്ങൾകുഞ്ഞ് മുസലിയാരുടെ കശുഅണ്ടി ഫാക്ടറി പടിക്കൽ 19 ദിവസം സത്യാഗ്രഹം നടത്തി. ആഗസ്റ്റിൽ മദ്ധ്യതിരുവിതാംകൂറിൽ കശുഅണ്ടി തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിൽ ശ്രീകണ്ഠൻ നായരുടേയും ടി.കെ. ദിവാകരന്റേയും വലം കൈയായി പ്രവർത്തിച്ചു. ഈ സമരത്തിന്റെ ഫലമായിട്ടാണ് കശുഅണ്ടി തൊഴിലാളികൾക്ക് മിനിമം വേജസ്, പ്രസവകാല വേതനം, ബോണസ്, ലീവ് വിത്ത് വേജസ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ സമ്പാദിക്കാൻ കഴിഞ്ഞത്.
കുന്നത്തൂർ - കൊട്ടാരക്കര മേഖലകളിൽ കശുഅണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ടി.എം. പ്രഭയാണ്. ഭരണിക്കാവ്, മാറനാട്, ഏനാത്ത്, കണ്ണനല്ലൂർ, കുന്നിക്കോട്, കൊട്ടിയം, കിളികൊല്ലൂർ തുടങ്ങിയ മേഖലകളിലെ സമരമുഖങ്ങളിൽ ഗുണ്ടകൾക്കും പൊലീസിനുമെതിരെ തൊഴിലാളികളെ നയിച്ചു. ഈ കാലയളവിൽ തന്നെ പത്തനംത്തിട്ടയിലെ ളാഹ, കോന്നി, ചിറ്റാർ, റാന്നി, പെരുനാട്, കുമ്പഴ ഇടുക്കിയിലെ ഏലപ്പാറ, ദേവികുളം തുടങ്ങിയ എസ്റ്റേറ്റുകളിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് നിരവധി സന്ധിയില്ലാ സമരങ്ങളിലൂടെ ശ്രദ്ധേയനായി. 1957ലെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ചടയമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. 1954 മുതൽ നടന്ന എല്ലാ അവകാശ സമരങ്ങളുടെയും മുൻനിരയിൽ പ്രഭയുണ്ടായിരുന്നു. 1967ലെ പെരുമ്പുഴ ഡാൽമിയ കമ്പനി പടിക്കൽ പ്രഭ നടത്തിയ സമരത്തിൽ പൊലീസ് തേർവാഴ്ച നടത്തി. അന്ന് പ്രഭയ്ക്ക് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
1958 ജൂലായ് 26നാണ് ചന്ദനത്തോപ്പ് ഹിന്ദുസ്ഥാൻ കാഷ്യൂ പ്രൊഡക്ട്സ് കശുഅണ്ടി ഫാക്ടറി തൊഴിലാളികളുടെ മേൽ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ വെടിവെയ്പ് നടത്തിയത്. അതിന്റെ ഫലമായി രാമൻ, സുലൈമാൻ എന്നീ തൊഴിലാളികൾ കൊല്ലപ്പെട്ടു. ലാത്തി ചാർജിലും കല്ലേറിലും സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. ടി.എം. പ്രഭയും സഖാക്കളും ക്രൂരമായി മർദ്ദിക്കപ്പെട്ടു. ബോണസ്, ലീവ് വിത്ത് വേജസ്, അറ്റൻഡൻസ് കാർഡ് എന്നിവയെക്കുറിച്ച് യൂണിയനുമായി ഉണ്ടാക്കിയ കരാർ മാനേജ്മെന്റ് നടപ്പാക്കാതിരുന്നതാണ് ഈ സമരത്തിന്റെ പ്രധാന കാരണം.
മാനേജ്മെന്റ്, പൊലീസ് സഹായത്തോടെ ഫാക്ടറിക്കകത്തുണ്ടായിരുന്ന അണ്ടിപ്പരിപ്പ് നിറച്ച ലോറികൾ പുറത്തുകൊണ്ട് പോകാൻ ശ്രമിച്ചു. ടി.എം. പ്രഭ, കെ.പി. രാഘവൻപിള്ള, ചന്ദ്രശേഖര ശാസ്ത്രി, അയ്യൻ എന്നീ നേതാക്കൾ ഫാക്ടറിയിൽ എത്തി ഇതിനെ എതിർത്തു. കൊല്ലം ഡിവൈ.എസ്.പി. മാധവൻപിള്ള, റവന്യൂ ഡിവിഷണൽ ഓഫീസർ സി.പി. രാമകൃഷ്ണപിള്ള എന്നിവരുടെ നിർദ്ദേശപ്രകാരം ലാത്തിചാർജ്ജ് നടത്തി. പിക്കറ്റ് ചെയ്ത സ്ത്രീ തൊഴിലാളികളെ അറസ്റ്റ് ചെയ്തു മാറ്റി. സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങളെ ചെറുത്ത് നിന്ന പ്രഭയടക്കമുള്ള നേതാക്കളെ പൊലീസ് ഇൻസ്പെക്ടർ വാര്യർ അറസ്റ്റ് ചെയ്ത് ഫാക്ടറിക്കകത്തുള്ള പൊലീസ് വാനിൽ കയറ്റി മർദ്ദിച്ചു. ഗ്രേഡിംഗ് തൊഴിലാളിയായിരുന്ന ചെല്ലമ്മയുടെ ഭർത്താവ് കൊറ്റങ്കര വില്ലോന്നി പടിഞ്ഞാറ്റതിൽ ശിവരാമപിള്ളയ്ക്ക് വെടിയേറ്റു. ശിവരാമപിള്ള ചോരയിൽ കുളിച്ചു നിലത്തു വീണു. അറസ്റ്റ് ചെയ്യപ്പെട്ട ടി.എം. പ്രഭ ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് വാനിൽ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി. ടി.എം. പ്രഭ അഞ്ചു ദിവസം ബോധരഹിതനായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ 144 പ്രഖ്യാപിച്ചു. കുണ്ടറ മുതൽ കല്ലുംതാഴം വരെ റോഡ് ബ്ലോക്ക് ചെയ്തു. ചന്ദനത്തോപ്പിൽ ടി.എം. പ്രഭ കൊളുത്തിയ വിപ്ലവാഗ്നി കേരളമാകെ കത്തി ജ്വലിച്ചു. 1959ൽ ഇ.എം.എസ് മന്ത്രിസഭ പിരിച്ചവിടപ്പെട്ടു.
ജൂലായ് 27ൽ പോസ്റ്റുമോർട്ടത്തിന് കൊണ്ടുവന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കില്ലെന്ന സർക്കാർ തീരുമാനം ഏറെ പ്രതിഷേധമുണ്ടാക്കി. മൃതദേഹങ്ങൾ വിട്ടു തന്നില്ലെങ്കിൽ തങ്ങൾ ബലം പ്രയോഗിച്ച് കൊണ്ടുപോകുമെന്ന് ശ്രീകണ്ഠൻ നായരും ടി.കെ. ദിവാകരനും പ്രഖ്യാപിച്ചു. അന്നത്തെ തൊഴിൽമന്ത്രി ടി.വി. തോമസ് മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ മന്ത്രിസഭയുടെ അംഗീകാരം വാങ്ങി. പൊലീസ് മർദ്ദനത്തിനിരയായ ടി.എം. പ്രഭ ജീവിക്കുന്ന രക്തസാക്ഷിയായി മാറി. പ്രഭ 60 വർഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്നു വാരിയെല്ലുകൾ നഷ്ടപ്പെട്ടു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. കൈകാലുകൾ ചവിട്ടിയൊടിച്ചതിനാൽ പഴയതുപോലെ നടക്കാനാകുമായിരുന്നില്ല. എങ്കിലും മരണത്തിനു കീഴടങ്ങുന്നതുവരെ 97-ാം വയസിലും അദ്ദേഹം ഊർജസ്വലനായിരുന്നു.
വെടിവെയ്പ്പിനെകുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവായി. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ശങ്കരനായിരുന്നു അന്വേഷണ കമ്മിഷൻ. പിൽക്കാലത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന എം.യു. ഐസക് ഗവൺമെന്റിന് വേണ്ടിയും പ്രശസ്ത അഭിഭാഷകൻ കളത്തിൽ വേലായുധൻ നായർ തൊഴിലാളികൾക്കു വേണ്ടിയും എൻക്വയറിയിൽ ഹാജരായി. മികച്ച ന്യായാധിപനെന്ന് പ്രസിദ്ധിയാർജ്ജിച്ച ജസ്റ്റിസ് ശങ്കരൻ കമ്മിഷൻ തന്റെ റിപ്പോർട്ടിൽ ഗവൺമെന്റ് നീതി നിർവഹണത്തിൽ വീഴ്ചവരുത്തിയതായി രേഖപ്പെടുത്തിയിരുന്നു.
ചന്ദനത്തോപ്പ് സമരം നടക്കുന്ന കാലത്ത് ടി.വി. തോമസ് തൊഴിൽ മന്ത്രിയും വി.ആർ. കൃഷ്ണയ്യർ ആഭ്യന്തര മന്ത്രിയുമായിരുന്നു. 2000 ഫെബ്രുവരിയിൽ ചവറ പോർട്ട് വർക്ക് മെൻസ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ചന്ദനത്തോപ്പ് സമരത്തിന് നേതൃത്വം നൽകിയ ടി.എം. പ്രഭയെ കാണുകയും ചന്ദനത്തോപ്പ് സംഭവത്തിൽ അദ്ദേഹത്തിന് ഖേദമുണ്ടന്ന് അറിയിക്കുകയും ചെയ്തു.
1967ൽ പെരുമ്പുഴ ഡാൽമിയ ഇന്റർനാഷണൽ കാഷ്യൂ ഫാക്ടറി അടച്ചുപൂട്ടുന്നതിനെതിരെ ടി.എം. പ്രഭ നടത്തിയ നിരാഹാര സത്യാഗ്രഹം 10 ദിവസം പിന്നിടവേ സത്യാഗ്രഹ പന്തലിൽ അതിക്രമിച്ചുകയറിയ പൊലീസ് ടി.എം.പ്രഭയെ മർദ്ദിച്ചു. കൈകാലുകൾക്കും മൂക്കിന്റെ പാലത്തിനും ഗുരുതരമായി പരിക്കറ്റിരുന്നു.
1957 മുതൽ ദീർഘകാലം പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം, 1959 മുതൽ വിവിധ കാലഘട്ടങ്ങളിലായി മിനിമം വേജസ് അഡ്വൈസറി ബോർഡ് മെമ്പർ, അബ്കാരി ബോർഡ് ചെയർമാൻ, തൃശൂർ സീതാറാം മിൽസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
97-ാം വയസിൽ മരണം കീഴ്പ്പെടുത്തുന്നതുവരെ ടി.എം. പ്രഭ അദ്ധ്വാനവർഗത്തിനായി പോരാടി. ആ അചഞ്ചലപ്രതിഭയുടെ തീപാറുന്ന ഓർമ്മകൾക്ക് മുന്നിൽ രക്തഹാരപുഷ്പങ്ങളും രണ്ട് തുള്ളി ബാഷ്പബിന്ദുക്കളും.
- കിളികൊല്ലൂർ ശ്രീകണ്ഠൻ