ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മൃഗങ്ങളോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ ലോകം മുഴുവൻ പാട്ടാണ്. ഇപ്പോഴിതാ ഹംദാന്റെ മെഴ്സിഡസ് എസ്‌യുവിയിൽ കൂട് കൂട്ടിയ പ്രാവിന്റെ മുട്ട വിരിഞ്ഞു. കാറിലെ കിളിക്കൂട്ടിലെ മുട്ടകൾ വിരിഞ്ഞതിന്റെ വിഡിയോ ഹംദാൻ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
പ്രാവ് കൂടുകൂട്ടിയതിനാൽ കുറച്ചു നാളുകളായി കാർ ഓടിക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ബെൻസ് കാറിന്റെ മുൻ വശത്താണ് പ്രാവ് കൂടു കൂട്ടി മുട്ടയിട്ടത്. ഇത് ശ്രദ്ധയിൽപെട്ടതോടെ കാറിന് അടുത്തേക്ക് ആരും പോകാതിരിക്കാൻ പ്രത്യേക കയറു കൊണ്ട് വേലിയും കെട്ടി ഹംദാൻ.
''അങ്ങനെ അമ്മ പ്രാവ് ചൂടുപകർന്ന മുട്ടകൾ വിരിഞ്ഞു. രണ്ട് കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. ചില സമയങ്ങളിൽ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ്''- ഹംദാൻ കുറിച്ചു. ഹംദാനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്