അഞ്ചൽ: ആഞ്ചലിലേയും ആയൂരിലേയും 110 കെ.വി സബ്‌സ്റ്റേഷനുകളുടെ ഉദ്ഘാടനം 17 ന് ഉച്ചക്ക് 3 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും മന്ത്രി കെ.രാജുവും എം.കെ. പ്രേമചന്ദ്രൻ എം. പിയും ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കും. അതോടെ കിഴക്കൻ മേഖലയുടെ വൈദ്യുതി പ്രശ്ശങ്ങൾക്ക് പരിഹാരമാകും.പ്രസരണ വിതരണ നഷ്ടം കുറക്കുക, എല്ലാ ഉപഭോക്താക്കൾക്കും ഗുണ നിലവാരമുള്ള വൈദ്യതി, തടസം കൂടാതെ ലഭ്യമാക്കുക തുടങ്ങി പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി കെ. എസ്. ഇ. ബി ലിമിറ്റഡ് വിഭാവനം ചെയ്ത പദ്ധതിയാണ് 66 കെ.വി ആയൂർ സബ്‌സ്റ്റേഷനെയും 66 കെ.വി അഞ്ചൽ സബ്‌സ്റ്റേഷനേയും 66 കെ.വി ഇടമൺ ആയൂർ ലൈനിനെയും 110 കെ. വിയിലേക്ക് ഉയർത്തുകയെന്നത്. ആയുരും അഞ്ചലും സമീപ പ്രദേശങ്ങളായ ചടയമംഗലം നിലമേൽ, ഇടമുളക്കൽ, ഓയൂർ, വാളകം, വെളിയം, കുളത്തുപ്പുഴ, കരുകോൺ എന്നിവിടങ്ങളിലും ആവശ്യത്തിനുള്ള വൈദ്യുതി ഇനി ലഭ്യമാകും.
30.75 കോടി രൂപ
30.75 കോടി രൂപ ചിലവാക്കി 2018 മാർച്ചിൽ നിർമ്മാണം ആരംഭിച്ച പദ്ധതിയിലൂടെ 2020 ഫെബ്രുവരിയോടെ 66 കെ.വി അഞ്ചൽ, ആയൂർ എന്നീ സബ്‌സ്റ്റേഷനുകളും അനുബന്ധ ലൈനുകളും 110 കെ. വി നിലവാരത്തിലേക്ക് ഉയർത്തി.
ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഗുണകരം
കൊല്ലം ജില്ലയിലെ തെക്ക് കിഴക്കൻ മലയോര മേഖയിലെ വാണിജ്യ കേന്ദ്രമായ ആയൂർ, അഞ്ചൽ എന്നീ പ്രദേശങ്ങളിലെ ഏകദേശം ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഗുണ മേന്മയുള്ള വൈദ്യുതി തടസരഹിതമായി ലഭിക്കും. കവേർഡ് കണ്ടക്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 220 കെ. വി ഇടമൺ സബ്‌സ്റ്റേഷനിൽ നിന്ന് 110 കെ.വി ലൈൻ വൈദ്യുതി ഒഴിവാക്കി അഞ്ചൽ, ആയൂർ സബ്‌സ്റ്റേഷനുകളിലേക്ക് നിർമ്മിച്ചത്. ഉദ്ഘാടന ദിവസം മുഖ്യ മന്ത്രി പ്രസരണ രംഗത്തെ മറ്റ് 13 പദ്ധതികളും നാടിനു വേണ്ടി സമർപ്പിക്കും.