anandu
വൈറസ് ഇൻസിനറേറ്റർ ബിന്നുമായി എ.ബി. അനന്തു

കൊല്ലം: ഉപയോഗശൂന്യമായ മാസ്ക് അണുവിമുക്തമാക്കി നശിപ്പിക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് സംവിധാനമായ വൈറസ് ഇൻസിനറേറ്റർ ബിന്നിന്റെ ആദ്യമാതൃക വികസിപ്പിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി. പാരിപ്പള്ളി വി.കെ.സി.ഇ.ടി എൻജിനിയറിംഗ് കോളേജിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിദ്യാർത്ഥി എ.ബി. അനന്തുവാണ് ടെക്നോളജി യുടെ ആദ്യ മാതൃക വികസിപ്പിച്ചത്. ലളിതവും സുരക്ഷിതവുമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഉപകരണത്തിന്റെ രൂപകല്പന. കൊവിഡ് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഉപയോഗശേഷം ഡിസ്പോസൽ മാസ്കുകൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത് എങ്ങനെ തടയാമെന്ന ചിന്തയാണ് വൈബിൻ സാങ്കേതിക വിദ്യക്ക് പ്രചോദനമായത്.

അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ടെക്നോളജി ഉപയോഗിച്ചാണ് മാസ്കുകൾ സ്റ്റെറിലൈസ് ചെയ്യുന്നത്. ഉപകരണത്തിൽ സ്പർശിക്കാതെ തന്നെ മാസ്ക് നിക്ഷേപിക്കാനും ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധീകരിക്കാനും കഴിയും. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനും എളുപ്പമാണ്.

10,000 രൂപ

മാതൃകാ രൂപം നിർമ്മിക്കുന്നതിനായി ഏകദേശം 10,000 രൂപയിൽ താഴയാണ് ചെലവായത്. വൈബിന്റെ കോംപാക്ട് യൂണിറ്റ് വാണിജ്യാടിസ്ഥാനത്തിൽ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ സാധിക്കും. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഹരിൻ എം. മോഹൻ, എം. അഭിജിത്ത് എന്നിവരുടെ മാർഗ നിർദ്ദേശമനുസരിച്ചാണ് വൈബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വലിയകൂനമ്പായിക്കുളം ക്ഷേത്ര ട്രസ്റ്റ്‌ സെക്രട്ടറിയും കോളേജ് മാനേജരുമായ എ. അനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി എസ്. സുജിത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഉപഭോക്താവിന്റെ സുരക്ഷ

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ഡിസ്ഇൻഫെക്ഷൻ ആയതിനാൽ ഉപഭോക്താവിന്റെ സുരക്ഷ മുൻനിർത്തിയുള്ള ചില ക്രമീകരണങ്ങളും ഇതിലുണ്ട്. സെൻസറിനു മുകളിൽ കൈകൾ കാട്ടുമ്പോൾ ബിന്നിന്റെ ഡോർ തുറക്കും. മാസ്ക് നിക്ഷേപിച്ച ശേഷം സ്റ്റെറിലൈസേഷൻ പൂർത്തിയാകാതെ വീണ്ടും ഡോർ തുറക്കാൻ സാധിക്കില്ല. സ്റ്റെറിലൈസേഷൻ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയാലും നിക്ഷേപിച്ച മാസ്ക് അണുവിമുക്തമാക്കാതെ വീണ്ടും ഡോർ തുറക്കാൻ കഴിയില്ല.

വൈ ബിൻ കണക്റ്റ്

ഇന്റ‌ർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ച ഉപകരണത്തിനൊപ്പം "വൈ ബിൻ കണക്റ്റ്" എന്ന മൊബൈൽ ആപ്ലിക്കേഷനും നിർമ്മിച്ചിട്ടുണ്ട്. വൈബിൻ കണക്റ്റ് ഉപയോഗിച്ച് പൊതുസ്ഥലങ്ങളിലും ബഹുനില കെട്ടിടങ്ങളിലും സ്ഥാപിച്ച ബിന്നുകളിൽ നിക്ഷേപിക്കുന്ന മാസ്കിന്റെ എണ്ണവും ഉപകരണത്തിന്റെ തത്സമയ പ്രവർത്തനവും ഓൺലൈനായി അറിയാം.
ബിന്നിന്റെ പ്രവർത്തനം യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഡിസ്‌പ്ലേയുടെ സഹായത്തോടെ ഉപഭോക്താവിന് അറിയാനാകും. അണുവിമുക്തമാക്കുന്ന മാസ്കുകൾ യൂണിറ്റിലെ മറ്റൊരു ചേംബറിൽ ശേഖരിക്കും. മാസ്കുകൾ നിശ്ചിത അളവിൽ എത്തുമ്പോൾ യൂണിറ്റിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ഇൻസിനറേറ്റർ യൂണിറ്റിലേക്ക് മാറ്റുകയും കത്തിച്ച് ചാരമാക്കുകയും ചെയ്യും.