കൊല്ലം: ഉത്ര വധക്കേസിൽ സൂരജിനെതിരെ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ പ്രതിയുടെ സ്വഭാവവും പ്രവൃത്തിയും ഗൂഢാലോചനയും അടിവരയിട്ട് വ്യക്തമാക്കുന്നു.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാനുള്ള ആദ്യശ്രമം പാഴായി. പിന്നീട് മാർച്ച് 2നാണ് പാമ്പിനെ കിടക്കയിലെത്തിച്ച് കടിപ്പിക്കുന്നത്. മരണവെപ്രാളത്തിൽ പിടയുമ്പോഴും ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ മനഃപൂർവം താമസിപ്പിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 52 ദിവസം ഉത്ര അനുഭവിച്ച വേദന നേരിട്ട് കണ്ടതാണ്. എന്നിട്ടും കൊലപാതകമെന്ന ലക്ഷ്യം ഉപേക്ഷിച്ചില്ല.
ആശുപത്രിവാസം കഴിഞ്ഞ് അവശയായിട്ടാണ് അഞ്ചലിലെ വീട്ടിൽ ഉത്രയെത്തുന്നത്. കൊല്ലാതെ വിടില്ലെന്ന മനസുമായാണ് മേയ് 6ന് ഉത്രയുടെ വീട്ടിലെത്തുന്നത്. ഉത്രയ്ക്ക് അച്ഛനും അമ്മയും കല്യാണ സമ്മാനമായി നൽകിയ ബെലനോ കാറിന്റെ ഡിക്കിയിൽ മുർഖനെയും കരുതിയിരുന്നു. പോക്കറ്റിൽ ഉറക്കഗുളിക പൊടിച്ചും സൂക്ഷിച്ചിരുന്നു. എല്ലാവരും കിടന്ന് കഴിഞ്ഞപ്പോൾ ഗുളിക പൊടിച്ചത് ജ്യൂസിൽ കലർത്തി ഉത്രയ്ക്ക് നൽകി.പുറത്തിറങ്ങി കാറിന്റെ ഡിക്കിയിലിരുന്ന മൂർഖനെ ഉത്രയുടെ കട്ടിലിനടിയിലെത്തിച്ചു.
ഉത്ര ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം പാമ്പിനെ ശരീരത്തിലേയ്ക്കിട്ടു. കടിയേറ്റെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ സ്വീകരണമുറിയിലേക്കിട്ടു. മണിക്കൂറുകളോളം ഉത്ര മരണവെപ്രാളത്തിൽ പിടയുന്നത് നോക്കിനിന്നു. വെളുപ്പിന് നാലോടെ ഭാര്യ നിശ്ചലയായത് കണ്ട സൂരജ് ഉറക്കം നടിച്ച് കിടന്നു. രാവിലെ കുളിമുറിയിൽ പോയ സമയത്താണ് ഉത്രയുടെ അമ്മയുടെ നിലവിളി കേട്ടത്. സൂരജ് ഒാടിയെത്തി എല്ലാവർക്കുമൊപ്പം ഉത്രയെ ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്തു. ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കി തിരിച്ചെത്തുമ്പോഴും കരച്ചിൽ അഭിനയിക്കുകയായിരുന്നു.