ഉദ്ഘാടനം ഇന്ന്
കൊല്ലം: തീരദേശത്തെ കുരുന്നുകൾക്കായി നിർമ്മിച്ച ഹൈടെക് അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം ഇന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ നിർവഹിക്കും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാടി തീരദേശ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്. ഒക്ടോബർ 27ന് 'വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി തീരദേശ അങ്കണവാടി' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോർപ്പറേഷന്റെ കൈക്കുളങ്ങര ഡിവിഷനിൽപ്പെടുന്ന വാടിയിലെ 92ാം നമ്പർ തീരദേശ അങ്കണവാടിക്ക് കെട്ടിടമില്ലെന്ന വാർത്ത സജീവ ചർച്ചയ്ക്ക് ഇടയാക്കി.
കെട്ടിടത്തിന് അനുയോജ്യമായ ഭൂമി ലഭ്യമല്ലാത്തതായിരുന്നു വർഷങ്ങളായുള്ള തടസം. പ്രവർത്തനരഹിതമായ അവെയർനസ് സെന്ററിന്റെ കെട്ടിടം നിൽക്കുന്ന സ്ഥലം അങ്കണവാടിക്കായി ഏറ്റെടുക്കണമെന്ന് തുടർവാർത്തയിൽ ചൂണ്ടിക്കാട്ടിയതോടെ കൗൺസിലർ ഷീബ ആന്റണി ഹാർബർ വകുപ്പിനെ സമീപിക്കുകയും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അതുവഴി ഹാർബർ വകുപ്പ് അങ്കണവാടിക്ക് മൂന്ന് സെന്റ് ഭൂമി വിട്ടുനൽകി. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയ ശേഷമാണ് അങ്കണവാടിക്ക് കെട്ടിടം നിർമ്മിച്ചത്. ഇതിനായി കോർപ്പറേഷൻ 21 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഉദ്ഘാടനം വൈകിട്ട് 3ന്
വൈകിട്ട് 3ന് മേയർ ഹണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിലാണ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ ഷീബ ആന്റണി സ്വാഗതം പറയും. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, എം.എ. സത്താർ, ഗിരിജാസുന്ദരൻ, പി.ജെ. രാജേന്ദ്രൻ, ചിന്ത.എൽ.സജിത്ത്, വി.എസ്. പ്രിയദർശൻ, ടി.ആർ. സന്തോഷ്, എ.കെ. ഹാരിസ്, എ.എസ്. നൈസാം, എം.എസ്. ലത എന്നിവർ പങ്കെടുക്കും.