erkili
കമുകുംചേരി ക്ഷേത്ര മാതൃക ഈർക്കിലിൽ സൃഷ്ടിച്ച സുരേഷ്.

പത്തനാപുരം: ഈർക്കിലുകൾകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് തെളിയിക്കുകയാണ് കമുകുംചേരി സ്വദേശിയായ സുരേഷ് . സുരേഷിന്റെ ഈർക്കിൽ സൃഷ്ടി കാഴ്ച്ചക്കാർക്ക് അത്ഭുതമാകുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോൾ വിരസതമാറ്റാനാണ് ഈർക്കിലിൽ പരീക്ഷണം തുടങ്ങിയത്. ഒരു മാസം കൊണ്ട് ഇഷ്ട ദേവാലയമായ കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്ര മാതൃക ഈർക്കിലിൽ സൃഷ്ടിച്ചു.അങ്ങനെ സുരേഷ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും താരമായിരിക്കുകയാണ്.ചുറ്റുമതിലുംഉപദേവതാ ക്ഷേത്രങ്ങളുമെല്ലാം പ്രധാന ശ്രീകോവിലിനൊപ്പം ഈർക്കിലുകൊണ്ട് രൂപപ്പെടുത്തിയിട്ടുണ്ട് കമുകുംചേരി ചരുവിള പുത്തൻവീട്ടിൽ സുരേഷ്. പുരയിടത്തിലും സമീപങ്ങളിൽ നിന്നും കിട്ടിയ ഓലക്കാലുകൾ ചീകിയെടുത്താണ് തന്റെ സ്വപ്ന സൃഷ്ടിയിലേക്കുള്ള ദൂരം ലഘൂകരിച്ചത്. കൊവിഡ് കാലം കഴിയുന്നതോടെ ക്ഷേത്രത്തിൽ തന്നെ ഇത് സമർപ്പിക്കണമെന്ന ആഗ്രഹമാണ് സുരേഷിന്. തടിമുറിപ്പ് തൊഴിലാളിയായ സുരേഷ് തന്റെ ജോലി സമയം കഴിഞ്ഞുള്ള ഇടവേളകളിൽ മുൻപും പലവിധ ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ തിരുവിളങ്ങോനപ്പൻ ക്ഷേത്ര മാതൃക മനസിൽ ഉരുത്തിരിഞ്ഞത് കൊവിഡ് കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോഴാണ്.ഈർക്കിലിൽ തീർത്ത ക്ഷേത്രശില്പം കാണാൻ നിരവധി പേരാണ് എത്തുന്നത് .മരപ്പണിയിൽ നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സുരേഷിന്റെ ഏറ്രവും വലിയ സ്വപ്നം സ്വന്തമായ പുരയിടത്തിൽ കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടാണ്. ഭാര്യ ആതിരയും മകൻ ആലോപു മടങ്ങുന്നതാണ് കുടുംബം. ഇനിയും ഈർക്കിലിൽ കൂടുതൽ ശില്പങ്ങൾ ഉണ്ടാക്കി ഗിന്നസിൽ ഇടം നേടണമെന്നതും സുരേഷിന്റെ ആഗ്രഹമാണ്.