suresh

കൊല്ലം: പാമ്പ് പിടുത്തക്കാരനായി പ്രസിദ്ധനായി പണം സമ്പാദിച്ച ചാവരുകാവ് സുരേഷിന് പാമ്പ് തന്നെ ഒടുവിൽ വിനയായി. പുതിയ വീടും വാഹനങ്ങളുമായി ആഡംബര ജീവിതത്തിലേക്ക് കാൽവച്ചതിന് പിന്നാലെയാണ് ഉത്ര കൊലക്കേസിൽ കുരുങ്ങി പൊലീസിന്റെ വലയിലായത്.

നേരത്തെ ടെമ്പോ ഡ്രൈവറായിരുന്ന ചാവരുകാവ് സുരേഷ് ചാത്തന്നൂരിലായിരുന്നു താമസം. പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസും വണ്ടി കച്ചവടവും ആരംഭിച്ചതോടെയാണ് കല്ലുവാതുക്കലേക്ക് താമസം മാറ്റിയത്. ഇതിനിടയിൽ പാമ്പ് പിടിത്തം കൂടി തുടങ്ങിയതോടെ വരുമാനം വർദ്ധിച്ചു. ഇതോടെ റിയൽ എസ്റ്റേറ്റ് സൈഡ് ബിസിനസാക്കി പാമ്പ് പിടുത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വാവ സുരേഷിനെ പോലെ പ്രസിദ്ധനാകണമെന്ന ആഗ്രഹംകൂടി ഉള്ളിലുറച്ചതോടെ പാമ്പിനെ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങൾ ചിത്രീകരിച്ച് യുട്യൂബിൽ പ്രചരിപ്പിച്ചു. ഇതുകണ്ട് കൂടുതൽ ആളുകൾ സുരേഷിനെ വിളിച്ചുതുടങ്ങി. കാശുകാരനായതോടെ കല്ലുവാതുക്കൽ പുതിയ വീടും വസ്തുവും വാങ്ങി താമസമാക്കി. നാട്ടിലെ മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ പോലും അറിയപ്പെടുന്ന ആളായതോടെയാണ് സൂരജ് സുരേഷിനെ വലയിലാക്കിയത്.

അടുത്ത സ്ഥലങ്ങളിൽ പാമ്പിനെ പിടിക്കാൻ പോകുമ്പോൾ വീട്ടുകാർ കൊടുക്കുന്ന പണം എത്രയുണ്ടെന്ന് സുരേഷ് നോക്കുക പോലുമില്ല. പക്ഷെ ദൂരസ്ഥലങ്ങളിൽ നിന്ന് വിളിയെത്തുമ്പോൾ സുരേഷ് വണ്ടിക്കൂലി സഹിതം കൂലി ഉറപ്പാക്കിയിട്ടേ പോകാറുള്ളായിരുന്നു. ഒടുവിൽ വിഷമുള്ള ഇഴജന്തുക്കളെ പിടിക്കുന്നതിൽ മാത്രമായി താല്പര്യം. പാമ്പിനെ വച്ച് താൻ നടത്തുന്ന അഭ്യാസ പ്രകടനങ്ങളിൽ പിന്നീട് സുരേഷിനെ കൂടി ഉൾപ്പെടുത്താമെന്ന് പറ‌ഞ്ഞാണ് സൂരജ് ആദ്യം അണലിയെ വാങ്ങിയത്. അന്ന് പതിനായിരം രൂപ വിലപേശലില്ലാതെ നൽകിയതിനാൽ രണ്ടാമത് മൂർഖനെ ചോദിച്ചപ്പോൾ കിട്ടിയാലുടൻ എത്തിക്കാമെന്ന് സൂരജിന് വാക്ക് നൽകി. രണ്ട് ദിവസത്തിന് ശേഷം മൂർഖനെ കിട്ടിയപ്പോൾ സൂരജിനെ അങ്ങോട്ട് വിളിച്ച് കൈമാറുന്ന സ്ഥലം ഉറപ്പിച്ചു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കും കൊലപാതകത്തെക്കുറിച്ച് അറിവും ഇല്ലാത്തതിനാൽ ഉത്ര വധത്തിൽ സുരേഷ് മാപ്പ് സാക്ഷിയായി. പക്ഷെ പാമ്പുകളെ വിറ്റതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കേസിൽ വിചാരണ നേരിടേണ്ടി വരും. ഉത്ര വധക്കേസിൽ സുരേഷ് പൊലീസ് പിടിയിലായതിന് പിന്നാലെ സുരേഷിന്റെ കല്ലുവാതുക്കലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു.