കൊല്ലം: നാലേക്കറിൽ നാനൂറ്റമ്പത് പ്ളാവ് നട്ടുതുടങ്ങിയ വെളിയത്തെ തപോവൻ ജാക്സിന് വയസ് മൂന്നായി. പന്ത്രണ്ട് ഇനങ്ങളിലുള്ള പ്ളാവ് കായ്ച് തുടങ്ങിയതിന്റെ സന്തോഷത്തോടെയാണ് ചക്കവിഭവങ്ങളൊരുക്കി പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായ കൊല്ലം പട്ടത്താനം ചക്കാലക്കോണത്ത് വീട്ടിൽ കെ.എസ്.രാജീവ്(63) ആണ് കുടുംബ ഓഹരിയായി ലഭിച്ച വെളിയത്തെ നാലേക്കർ ഭൂമിയിൽ റബർ വെട്ടിമാറ്റി പ്ളാവ് നട്ടുപിടിപ്പിച്ചത്. പാല രാമപുരം ചക്കാമ്പുഴയിൽ നിന്നും കൊണ്ടുവന്ന ബഡ് തൈകളാണ് നട്ടുപിടിപ്പിച്ചത്. അഞ്ച് വർഷമെത്തുമ്പോൾ കായ്ക്കുമെന്നാണ് ചക്കാമ്പുഴക്കാർ പറഞ്ഞതെങ്കിലും 2017 ൽ നട്ട ഇവിടുത്തെ പല പ്ളാവുകളും ചക്കയിട്ടുതുടങ്ങി. മൂന്ന് ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച് ട്രിപ്പ് ഇറിഗേഷനിലൂടെയാണ് തൈകളുടെ മൂട് നനച്ചുകൊടുത്തത്. കൃഷിയിടത്തിൽ രണ്ട് കുളം നിർമ്മിച്ചാണ് ആവശ്യമായ വെള്ളം ലഭ്യമാക്കിയത്. കുളങ്ങളിൽ മത്സ്യക്കൃഷിയും ഇപ്പോൾ താറാവ് കൃഷിയും തുടങ്ങി. 1200 മൂട് വാഴയും 150 തെങ്ങിൻ തൈകളും കാച്ചിലും ചേനയും മരച്ചീനിയും ചേമ്പുമൊക്കെ കൃഷിത്തോട്ടത്തിലുണ്ട്. എങ്കിലും പ്ളാവിലാണ് രാജീവിന്റെ പ്രതീക്ഷ. പ്ളാവിന്റെ ഇടകളിലായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കുരുമുളക് കൃഷിയ്ക്കും തുടക്കമിട്ടു.
ചക്കയിൽ നിന്നും ഉത്പന്നങ്ങൾ
നന്നായി പ്ളാവ് കായ്ച് തുടങ്ങുന്നതോടെ ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ യൂണിറ്റും തപോവനിൽ തുടങ്ങാനാണ് രാജീവിന്റെ തീരുമാനം. ചിപ്സ്, ഐസ്ക്രീം, പ്രോട്ടീൻ പൗഡർ, ഹൽവ, കേക്ക്, പായസം, കട്ലറ്റ് തുടങ്ങി 120 ഇനങ്ങളിലുള്ള വിഭവങ്ങൾ തയ്യാറാക്കാമെന്ന് ചക്കമഹോത്സവം തെളിയിച്ചതാണ്. കഴിഞ്ഞദിവസം തപോവൻ ജാക്സിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവർക്ക് ചക്കകൊണ്ടുള്ള പായസവും ലഡുവും ഹൽവയുമടക്കം രുചിയേറും ചക്കവിഭവങ്ങൾ രുചിയ്ക്കാനായി.