ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വീണ്ടും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശാസ്താംകോട്ട പഞ്ചായത്തിലെ 5,8 വാർഡുകൾ, പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ 6, പോരുവഴി പഞ്ചായത്തിലെ 4, 5 വാർഡുകളും ശൂരനാട് വടക്ക് പഞ്ചായത്തിലെ 11 വാർഡിലുമാണ് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ശാസ്താംകോട്ട പഞ്ചായത്തിലെ മൂന്നു പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിതീകരിച്ചത് . ശാസ്താംകോട്ട പഞ്ചായത്തിലെ ജീവനക്കാരനായ പള്ളിശ്ശേരിക്കൽ സ്വദേശിയായ യുവാവിനും ആഞ്ഞിലിമൂട് സ്വദേശിനിയായ മത്സ്യ വ്യാപാരിക്കും മുതുപിലാക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിതീകരിച്ചത് . മൂവരുടെയും ഉറവിടം വ്യക്തമല്ല . ദിവസങ്ങൾക്ക് മുൻപ് മുതുപിലാക്കാട് സ്വദേശിയായ മറ്റൊരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു . വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. . ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചിടും. പഞ്ചായത്ത് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തുന്നതിനാണ് രണ്ട് ദിവസം അടച്ചിടുന്നത്.പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെട്ട നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു .