photo
സരൂൺ ഏത്തവാഴ തോപ്പിൽ

കരുനാഗപ്പള്ളി: ഏത്തവാഴ കൃഷിയിൽ വിജയഗാഥ രചിച്ച് പടനായർക്കുളങ്ങര വടക്ക് അശ്വതിയിൽ സരൂൺ പുതുതലമുറയ്ക്ക് മാതൃകയാകുന്നു. ഒരു ഏക്കർ സ്ഥലത്തെ വാഴക്കൃഷിയിൽ 450 ഏത്തവാഴയും 50 ഞാലിപ്പൂവനും വിളവെടുപ്പിന് പാകമായി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരു വാഴയ്ക്ക് പോലും നാശം സംഭവിക്കാത്തതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. ബലമുള്ള താങ്ങുകളിൽ കയർ ഉപയോഗിച്ച് വാഴയെ കെട്ടി നിറുത്തിയാൽ കാറ്റിനെ അതിജീവിക്കാൻ കഴിയുമെന്ന് സരൂൺ പറയുന്നു. പത്തനംതിട്ട ജില്ലയിലെ വകയാർ നിന്ന് ഒന്നിന് 15 രൂപ നിരക്കിലാണ് 550 വാഴ വിത്തുകൾ വാങ്ങിയത്. രണ്ട് മീറ്റർ അകലത്തിൽ അര മീറ്റർ താഴ്ചയിലാണ് നട്ടത്. ചാണകം, വേപ്പിൻ പിണ്ണാക്ക്, കുമ്മായം എന്നിവ ചേർത്ത് കുഴി വൃത്തിയാക്കിയ ശേഷമാണ് വിത്തുകൾ നട്ടത്. 10 മാസത്തിനുള്ളിൽ 6 തവണയാണ് വളം ചെയ്തത്. പമ്പ് സെറ്റും ജലസേചനത്തിനുള്ള കറണ്ട് ചാർജും സബ്സിഡ് നിരക്കിൽ കൃഷി വകുപ്പിൽ നിന്ന് ലഭിച്ചു. കരുനാഗപ്പള്ളിയിലെ ഒരു ഫൈനാൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് സരൂൺ. രാവിലെ 6 മുതൽ 9 മണി വരെയും വൈകിട്ട് 5 മുതൽ 6 വരെയും സരൂൺ കൃഷിയിടത്തിലായിരിക്കും. അച്ഛൻ ചന്ദ്രശേഖരനാണ് വാഴക്കൃഷിയിൽ സരൂണിനെ സഹായിക്കുന്നത്. ഓണത്തിന് മുൻപായി വിളവെടുക്കാനുള്ള ശ്രമത്തിലാണ് ഈ യുവ കർഷകൻ. ഇതിന് പുറമേ 50 സെന്റ് സ്ഥലത്ത് നെൽക്കൃഷിയും ചെയ്യുന്നുണ്ട്.