കൊല്ലത്ത് മന്ത്രി കെ.രാജു പതാക ഉയർത്തി
കൊല്ലം: എഴുപത്തിനാലാമത് സ്വാതന്ത്ര്യ ദിനാഘോഷം കൊവിഡ് വ്യാപന സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ നാടെങ്ങും നടന്നു. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി കെ.രാജു ദേശീയ പതാക ഉയർത്തി. ചരിത്രത്തിൽ ആദ്യമായാണ് പൊതുജനങ്ങൾക്ക് പ്രവേശമില്ലാതെ ഔദ്യോഗിക ആഘോഷം നടത്തിയത്.
ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ, കൊല്ലം റൂറൽ പൊലീസ് മേധാവി എസ്. ഹരിശങ്കർ എന്നിവർ പങ്കെടുത്തു. ആരോഗ്യ മേഖലയിലെ മൂന്ന് ഡോക്ടർമാർ, രണ്ട് വീതം നഴ്‌സ്, പാരാ മെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കൊവിഡ് രോഗമുക്തി നേടിയവർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ക്ഷണിതാക്കളുടെ എണ്ണം പരമാവധി നൂറിൽ താഴെ ആയിരുന്നു. മൂന്ന് മുതൽ അഞ്ച് വരെ പ്ലാറ്റൂണുകളാണ് (പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ്, പൊലീസ് ബാൻഡ് ട്രൂപ്പുകൾ) പരേഡിൽ അണി നിരന്നത്. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വ്യക്തികളെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിന് വിധേയമാക്കി.
പ്ലാസ്റ്റിക് പതാകകൾ, തോരണങ്ങൾ എന്നിവ സ്വാതന്ത്ര്യദിനാഘോഷത്തിന് ഉപയോഗിച്ചില്ല. വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നാടെങ്ങും ആഘോഷങ്ങൾ നടത്തി. പരിമതിമായ ആളുകളാണ് പങ്കെടുത്തത്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തി. റാലികൾ നടത്തിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി.