dcc
കൊല്ലം ഡി.സി.സി ഓഫീസ്

കൊല്ലം: കൊല്ലം ഡി.സി.സിയുടെ പുതിയ കെട്ടിടമായ ആർ.ശങ്കർ- സി.എം. സ്റ്റീഫൻ സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിക്കും. ആർ. ശങ്കർ കെ.പി.സി.സി പ്രസിഡന്റും സി.എം. സ്റ്റീഫൻ ഡി.സി.സി പ്രസിഡന്റും ആയിരിക്കെ നിർമ്മിച്ച നിലവിലെ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നാണ് പുതിയ കെട്ടിടം. 800 പേർക്കിരിക്കാൻ കഴിയുന്ന വലിയ ഹാൾ പുതിയ കെട്ടിടത്തിലുണ്ട്. മുൻ കേന്ദ്രമന്ത്രിയും കൊല്ലം ഡി.സി.സി പ്രസിഡന്റുമായിരുന്ന എ.എ. റഹിമിന്റെ പേരാണ് ഹാളിന് നൽകിയിട്ടുള്ളത്. ആർ. ശങ്കർ - സി.എം. സ്റ്റീഫൻ സ്മാരക മന്ദിരത്തിന്റെയും എ.എ. റഹിം സ്മാരക ഹാളിന്റെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തുക. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പരിമിതമായ പ്രവർത്തകർക്ക് മാത്രമാണ് ചടങ്ങളിൽ പങ്കെടുക്കാൻ അവസരം. ഉദ്ഘാടന ചടങ്ങുകൾ തത്സമയം പ്രവർത്തകരിലേക്ക് എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അറിയിച്ചു.