dolphin
പരിമണത്ത് കടൽഭിത്തിയിൽ ചത്തടിഞ്ഞ ഡോൾഫിൻ

കൊല്ലം: ചവറ പരിമണത്ത് ചത്ത് കരയ്ക്കടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ആമാശയം നിറയെ പ്ലാസ്റ്റിക് വല. ഇര തേടുന്നതിനിടയിൽ വല ആമാശയത്തിലെത്തി പിന്നീട് ആഹാരം കഴിക്കാൻ പറ്റാഞ്ഞതാകാം മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് ഒന്നോടെ ബോട്ടിൽ നോസ് ഇനത്തിൽപ്പെട്ട 3.10 മീറ്റർ നീളമുള്ള ഡോൾഫിനാണ് കരയ്ക്കടിഞ്ഞത്. ഏകദേശം പത്ത് വയസ് പ്രായമുണ്ടാകും. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കോന്നി ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് അഡീഷണൽ റേഞ്ചർ സനോജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം എത്തി സീനിയർ വെറ്റിനറി സർജൻ സാബു സേവ്യറെ കൊണ്ട് പോസ്റ്റ്മോർട്ടം നടത്തിക്കുകയായിരുന്നു. ആമാശയത്തിന്റെ അതേ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് വലയാണ് കണ്ടെടുത്തത്.

നേരത്തെ പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് കടലാമകളും തിമിംഗലങ്ങളും വ്യാപകമായി ചത്തൊടുങ്ങിയിട്ടുണ്ട്. കടലിൽ അടിഞ്ഞിട്ടുള്ള പ്ലാസ്റ്റിക് സംഭരിച്ച് സംസ്കരിക്കാൻ ശുചിത്വ സാഗരം എന്ന പേരിൽ കൊല്ലം കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനിടയിലാണ് ഡോൾഫിൻ ചത്തടിയുന്നത്. കോസ്റ്റൽ സി.ഐ എസ്. ഷരീഫ്, എസ്.ഐ എം.സി. പ്രശാന്തൻ, മത്സ്യ ഫെഡ് ബോർഡ് അംഗം ടി. മനോഹരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡോൾഫിനെ പഞ്ചായത്തിന്റെ സഹായത്തോടെ മറവ് ചെയ്തു.