താറാവുകൾക്ക് തീറ്റ നൽകാനാണെന്ന് വാദം
കൊല്ലം: തീരദേശ മേഖലയിലെ കുടുംബങ്ങളിൽ നിന്ന് അരിപ്പൊടി ലോബി വൻതോതിൽ റേഷൻ തട്ടിയെടുക്കുന്നു. തുച്ഛമായ വിലയോ പകരം മറ്റ് ഭക്ഷ്യവസ്തുക്കളോ നൽകിയാണ് റേഷനരി തട്ടിയെടുക്കുന്നത്.
ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ റേഷൻ വീടുവീടാന്തരം കയറിയിറങ്ങി സംഭരിച്ച് വലിയ ലോറിയിലാണ് കൊണ്ടുപോയത്. ഇന്നലെ ഇതേ സംഘം ബീച്ച് പരിസരത്ത് എത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിച്ചു. രണ്ട് കിലോ റേഷനരിക്ക് ഒരു താറാവ് മുട്ട അല്ലെങ്കിൽ പത്ത് രൂപ വീതമാണ് സംഘം നൽകിയത്.
ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ തങ്ങൾ താറാവ് കർഷകരാണെന്നായിരുന്നു ലോറി ഡ്രൈവറുടെ വിശദീകരണം. കുട്ടനാട്ടിൽ വെള്ളപ്പൊക്കമായതിനാൽ താറാവുകളെ വയലിൽ ഇറക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ട് തീറ്റ നൽകാനാണ് അരി സംഭരിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ലോറിക്കാരുടെ വിശദീകരണം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
പുതിയ തന്ത്രമെന്ന് സംശയം
റേഷനരി വ്യാപകമായി സംഭരിക്കുന്നത് മില്ലുകൾക്ക് കൈമാറി പൊടിച്ച് അരിപ്പൊടിയാക്കി വിൽക്കാനെന്നാണ് സംശയം. റേഷൻകടകളിൽ നിന്ന് കാര്യമായി കടത്താൻ കഴിയാത്ത സാഹചര്യം വന്നതോടെ പയറ്റുന്ന പുതിയ തന്ത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.