കൊല്ലം: മഴമാറി മാനം തെളിഞ്ഞതോടെ കൊവിഡ് ഭീതിയ്ക്കിടയിലും നാടാകെ ഓണവിപണി സജീവമായി തുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പലവ്യഞ്ജന, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക്സ് കടകളിലും ഫർണിച്ചർ വ്യാപാരസ്ഥാപനങ്ങളിലുമാണ് ഓണക്കച്ചവടം ഉഷാറായത്.
കൊവിഡ് കെടുതികൾക്കിടയിലും വിപണി പിടിച്ചടക്കാൻ ആകർഷകമായ ഓഫറുകളാണ് മിക്ക സ്ഥാപനങ്ങളും നൽകിയിട്ടുള്ളത്. വിലക്കുറവിനൊപ്പം സൗജന്യ ഓഫറുകളും സമ്മാനപ്പെരുമഴയുമാണ് ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് വ്യാപാരകേന്ദ്രങ്ങളിൽ ആളുകളെ ആകർഷിക്കുന്നത്.
പ്രമുഖ ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളും ആകർഷകമായ ഓണം ഓഫറുകൾ നൽകിയിട്ടുണ്ട്. ചിങ്ങപ്പിറവിയായ ഇന്ന് മുതലാണ് പലയിടത്തും ഓണഓഫറുകളെങ്കിൽ ആടിക്കിഴിവിന്റെ ആനുകൂല്യങ്ങൾ കർക്കടകത്തിന്റെ അവസാനവാരത്തിൽ കച്ചവടം സജീവമാക്കിയിരുന്നു. കടകളിലെല്ലാം ആളുകളുടെ പേരും ഫോൺനമ്പരും രേഖപ്പെടുത്തിയും കൈകഴുകിച്ചും സാനിറ്റൈസർ നൽകിയുമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.
സെയിൽസ് സ്റ്റാഫ് ഉൾപ്പെടെ കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ട്. ഇത് കാരണം കടയ്ക്ക് പുറത്ത് ആളുകൾക്ക് കാത്തിരിക്കാൻ പല കടകളിലും വെയിറ്റിംഗ് ഏരിയായും സജ്ജമാക്കിയിട്ടുണ്ട്. പട്ടണങ്ങളിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലായിരുന്നു തുടക്കത്തിൽ കച്ചവടമെങ്കിൽ ചിങ്ങം പിറന്നതോടെ ഗ്രാമങ്ങളിലെ കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചു.
ഓണപ്പാച്ചിൽ തുടങ്ങി
1. മഴ മാറിയതായുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പോടെ ഗ്രാമങ്ങളിൽ കൂലിപ്പണിക്കാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ജോലി തുടങ്ങി
2. മൺപാത്രങ്ങൾ, ചിരട്ടത്തവി, കറിക്കത്തികൾ, പപ്പടം തുടങ്ങിയ കച്ചവടങ്ങൾ ഉഷാറായി
3. മല്ലി, മുളക് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കടകളിൽ തിരക്ക്
4. കഴുകി ഉണക്കിയ മല്ലിയും മുളകും പൊടിക്കാനും കൊപ്ര ആട്ടാനും മില്ലുകളും ഉഷാർ
5. ഉപ്പേരി നിർമ്മാണത്തിനുള്ള മരച്ചീനി, ഏത്തയ്ക്ക തുടങ്ങിയവയുടെ കച്ചവടവും തുടങ്ങി
''
കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മുൻപത്തെപോല കച്ചവടം നടക്കുന്നില്ല. എങ്കിലും വിപണിയിൽ ഓഫർ കാലം തുടങ്ങിയിട്ടുണ്ട്.
വ്യാപാരികൾ