pradeepkumar

കൊല്ലം: ദുരന്തഭൂമികളിൽ സ്വന്തം പ്രാണൻ പണയം വച്ച് ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന് വിശിഷ്ട സേവനത്തിവനുള്ള രാഷ്ട്രപതിയുടെ മെഡൽ.

2018ൽ മഹാപ്രളയം ഉണ്ടാകുമ്പോൾ റാന്നി ഫയർ സ്റ്റേഷനിലായിരുന്നു പ്രദീപ്. പ്രളയജലം ആർത്തലച്ചെത്തിയപ്പോൾ ആയിരങ്ങൾ വീടിനുള്ളിൽ അകപ്പെട്ടു. പ്രാണന് വേണ്ടിയുള്ള അവരുടെ നിലവിളി കേട്ട് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പാഞ്ഞെത്തി. മൂവായിരത്തോളം പേരെയാണ് പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് രക്ഷപ്പെടുത്തിയത്. 2019ലെ പ്രളയനാളുകളിൽ കണ്ണൂർ പാനൂർ സ്റ്റേഷനിലായിരുന്നു. അന്നും നൂറ് കണക്കിന് പേരെ രക്ഷപ്പെടുത്തി. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോൾ ചാമക്കട ഫയർ സ്റ്റേഷനിൽ നിന്നുമെത്തി നിരവധി പേരെ പ്രാണൻ നഷ്ടമാകും മുൻപേ ആശുപത്രികളിലെത്തിച്ചു. ഇങ്ങനെ 23 വർഷത്തെ സേവനത്തിനിടയിൽ ചെറുതും വലുതമായ നൂറ് കണക്കിന് അപകടമുഖങ്ങളിലാണ് പ്രദീപ് ദൈവദൂതനായെത്തിയിട്ടുള്ളത്. ഇപ്പോൾ തൃക്കാക്കര ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസറായ പ്രദീപ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.

2016 ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. തൃക്കടവൂർ കുരുമ്പേലിൽ വീട്ടിലാണ് താമസം. തൃക്കടവൂർ എസ്.എൻ.ഡി.പി ശാഖാ കമ്മിറ്റി അംഗമാണ്. ഭാര്യ കവിത വീട്ടമ്മയാണ്. പ്ലസ് ടു കഴിഞ്ഞ ഗൗരി പ്രദീപ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കല്യാണി പ്രദീപ് എന്നിവർ മക്കളാണ്.