തഴവ: രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തഴവയിൽ അതീവ ജാഗ്രത. തഴവ ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡായ കടത്തൂരിൽ ജയിൽ ഉദ്യോഗസ്ഥനും പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പതിനഞ്ചാം വാർഡിൽ മരപ്പണിക്കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊല്ലം ജില്ലാ ജയിലിലെ ഉദ്യോഗസ്ഥന് ജയിൽ ഡ്യൂട്ടിയിലെ സമ്പർക്കത്തിനിടെയാണ് രോഗം പട
ർന്നതെന്ന് കരുതുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായതോടെ കൊട്ടാരക്കര മേഴ്സി ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പതിനഞ്ചാം വാർഡിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മരപ്പണിക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പത്ത് ദിവസമായി പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഭേദമാകാത്തതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ച ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാണെന്ന് ഇന്നലെയാണ് കണ്ടെത്തിയത്.
നൂറോളം പേർക്ക് പരിശോധന
ജയിൽ ഉദ്യോഗസ്ഥന്റെയും മരപ്പണിക്കാരന്റെയും വീട്ടുകാരും ഇവരുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്റൈനിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പതിനഞ്ചാം വാർഡിൽ നിരീക്ഷണം തുടരുന്നതിനിടെയാണ് വീണ്ടും ഒരു പോസിറ്റീവ് കേസ് കൂടി റിപ്പോർട്ട് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ച മണപ്പള്ളി വാർഡ് കേന്ദ്രീകരിച്ച് ഇന്ന് നൂറോളം പേരെ തണ്ണിർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ- ആർ.ടി - പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കും.