forum
ക്ഷേമനിധി ബോർഡ് റിട്ടയേർഡ് എംപ്ളോയിസ് ഫോറത്തിന്റെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾ നടത്തിയ ഓൺലൈൻ ധർണ

കൊല്ലം: സർവീസിൽ നിന്ന് വിരമിച്ച് പതിമൂന്ന് വർഷം പിന്നിട്ടിട്ടും പെൻഷൻ അനുവദിക്കാത്ത സ‌ർക്കാ‌ർ നടപടിയിൽ പ്രതിഷേധിച്ച് കേരളാ ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് റിട്ട. എംപ്ളോയിസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ ധ‌ർണ നടത്തി. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ജീവനക്കാരുടെ സകുടുംബ പ്രതിഷേധം.

ദീർഘനാളത്തെ സമരങ്ങൾക്കൊടുവിൽ ഇക്കഴിഞ്ഞ മെയ് 13ന് മന്ത്രിസഭ ക്ഷേമനിധി ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാ‌ർക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻ നൽകാൻ തീരുമാനിച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ തുടർനടപടികളൊന്നും കൈക്കൊണ്ടില്ല. നിയമസഭാ സമ്മേളനത്തിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കൂവെന്നാണ് ഇപ്പോഴത്തെ നിലപാട്. പെൻഷൻ ലഭിക്കാത്തതിനാൽ ജീവനക്കാരുടെ കുടുംബം നിത്യചെലവുകൾക്കോ മരുന്ന് വാങ്ങാനോ നിവൃത്തിയില്ലാതെ ദുരിതത്തിലാണ്. പ്രശ്നത്തിൽ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്ന് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൾ നാസ‌ർ ആവശ്യപ്പെട്ടു.