chingam

കൊല്ലം: പഞ്ഞ കർക്കടകം കടന്ന് ചിങ്ങം പിറക്കുമ്പോൾ സാധാരണക്കാരന്റെ ഓണ പ്രതീക്ഷകൾക്ക് തിളക്കമില്ലെങ്കിലും മഹാമാരിയെ മറികടക്കുമെന്ന ആത്മവിശ്വാസം ശക്തമാണ്. കഴിഞ്ഞ രണ്ട് തവണയും ഓണ പൊലിമ കുറച്ചത് പ്രളയമാണെങ്കിൽ ഇത്തവണ പെരുമഴ കെടുതികൾക്കൊപ്പം കൊവിഡ് വ്യാപനവും വെല്ലുവിളിയായി.

ഓണത്തിന്റെ മുന്നൊരുക്കൾ മാത്രമല്ല സാധാരണ ദൈനംദിന ജീവിതം തന്നെ താളം തെറ്റിയ നിലയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. പ്രതിസന്ധികൾക്കിടയിലും കൊവിഡിനൊപ്പം സഞ്ചരിച്ച് ജീവിത താളം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിവർ. കൊവിഡ് വ്യാപന മുന്നറിയിപ്പുകൾ തുടങ്ങിയ മാർച്ച് അവസാന വാരം മുതൽ ഒരു വിഭാഗത്തിന്റെ ജീവിതം ഇരുട്ടിലാണ്.

സർക്കാർ - സഹകരണ മേഖലയിലെ ജീവനക്കാർ, ധനസ്ഥിതി മെച്ചമായ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കൊവിഡ് ഭീഷണി ബാധിക്കാത്ത വ്യാപാരികൾ, വൻകിട വ്യവസായികൾ എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം നേരിടുന്ന വരുമാന നഷ്ടം ചെറുതല്ല. ജോലി നഷ്ടമായവർ, ശമ്പളവും തൊഴിൽ ദിനങ്ങളും ആനുപാതികമായി വെട്ടികുറയ്ക്കപ്പെട്ടവർ, ശമ്പളം എന്ന് കിട്ടുമെന്ന് ഉറപ്പില്ലാതെ ജോലി ചെയ്യുന്നവർ തുടങ്ങി ജീവിതത്തിന് മുമ്പിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ നിസഹായതയോടെ നിൽക്കുന്നവരാണ് അധികവും.

സ്വകാര്യ ബസ് ജീവനക്കാർ - ഉടമകൾ, സ്കൂൾ ബസുകളായി ഉപയോഗിച്ചിരുന്ന മിനി ബസ് ഉമടകൾ- തൊഴിലാളികൾ, സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകർ, സമാന്തര വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് അത്തവും തിരുവോണവും ഒരു പോലെ കറുത്തതാണ്. കെടുതികളൊക്കെ താത്കാലികമാണെന്നും ഓണം കഴിയുന്നതോടെ പഴയ സാഹചര്യം തിരികെ വരുമെ

ന്നും വിശ്വസിക്കാനാണ് ഇവർക്കെല്ലാം ഇഷ്ടം.