അഞ്ചൽ:കൊവിഡ് മാനദണ്ഡങ്ങൾ വകവയ്ക്കാതെ അന്യജില്ലയിൽ നിന്നും കണ്ടെയ്നറിൽ മത്സ്യം കൊണ്ട് വന്ന് ചെറുകിട വ്യാരികൾക്ക് വിതരണം ചെയ്യുന്നത് പൊലീസിൽ അറിയിച്ച ഗ്രാമപഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റു. അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കോമളം അനിൽകുമാറിനാണ് മർദ്ദനമേറ്റത്. ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കോമളം ഗുരുമന്ദിരത്തിന് സമീപം കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന മത്സ്യം രാത്രിയോടെ ചെറുകിട വ്യാപാരികൾക്ക് വിൽക്കുന്ന വിവരം നാട്ടുകാർ വാർഡ് മെമ്പറെ അറിയിച്ചു. മെമ്പർ അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് എസ്.ഐ.യുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് മീനും വാഹനവും പിടിച്ചെടുത്തു. പിന്നീട് വീട്ടിലേക്ക് പോയ മെമ്പറെ വഴിക്ക് വച്ച് കണ്ടെയ്നർ ലോറി ഡ്രൈവറുടെ ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോമളം സ്വദേശി പ്രസന്നൻ(56), ഹരിസുതൻ (58) എന്നിവർക്കെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു.
റൂറൽ എസ്.പി. ഹരിശങ്കറിന്റെ നിർദ്ദേശാനുസരണം പ്രന്നനെ ഇന്നലെ രാവിലെ വീടിന് സമീപത്തുനിന്നും അഞ്ചൽ സി.ഐ. എൽ. അനിൽകുമാർ അറസ്റ്റു ചെയ്തു. ഹരിസുതൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്നും എത്തിയ മത്സ്യവില്പനക്കാർക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ലോറിയും മത്സ്യവും പിഴ ഒടുക്കിയശേഷം വിട്ടയച്ചു. മറ്റ് ജില്ലകളിലും നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സ്യം കൊല്ലം ജില്ലയിൽ വില്ക്കാൻ അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും റൂറൽ എസ്.പി. ഹരിശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നു.