പുനലൂർ: തെന്മല പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതോടെ തെന്മല സി.ഐ. എം.വിശ്വംഭരൻ ഉൾപ്പടെ സ്റ്റേഷനിലെ 20 പൊലിസുകാർ സ്വയം നിരീക്ഷണത്തിൽ പോയി. വെളിയം, പുത്തൂർ, പൂയപ്പള്ളി സ്വദേശികളായ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സി.ഐ അറിയിച്ചു. ഒരാൾക്ക് രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റുളള രണ്ട് പൊലിസുകാർക്ക് ഇന്നലെ വൈകിട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്.തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ജംഗ്ഷനിൽ വ്യാപരി അടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് കഴിഞ്ഞ ആഴ്ചയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഉറുകുന്നിലെ വ്യാപാരശാലയിൽ 8ന് സി.ഐ.യുടെ നേതൃത്വത്തിൽ എത്തിയ പൊലിസ് കട അടപ്പിക്കുകയും കടയുടെ മുന്നിലിരുന്ന ബൈക്ക് എടുത്ത് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇത് രോഗം പകരാൻ കാരണമായെന്ന് സംശയിക്കുന്നതായി സി.ഐ.അറിയിച്ചു. ഇത് കൂടാതെ തമിഴ്നാട് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പൊലിസ് സ്റ്റേഷനായതുകൊണ്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ലോറി ജീവനക്കാർ ഉൾപ്പടെയുളളവരുമായി ബന്ധപ്പെടേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതും രോഗം പകരാൻ കാരണമാകുമെന്നും സി.ഐ പറഞ്ഞു.