കൊട്ടാരക്കര: അനധികൃതമായി കൊണ്ടുവന്ന ഒരു കണ്ടെയ്നർ മത്സ്യം കൊട്ടാരക്കരയിൽ പിടികൂടി. കായംകുളത്തു നിന്നും കൊണ്ടുവന്ന കിളിമീനാണ് സദാനന്ദപുരത്ത് നിന്നും കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. 90 പെട്ടികളിലായി 2700 കിലോ കിളിമീനാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷം മത്സ്യഫെഡിന് മത്സ്യം കൈമാറി. പുന്നപ്ര സ്വദേശികളാണ് രേഖകളില്ലാതെ ആറര ലക്ഷം രൂപയുടെ മത്സ്യം കൊണ്ടുവന്നത്. നെടുമങ്ങാട് കളിയിക്കാവിളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമക്കെതിരെയും പൊലീസ് കേസെടുത്തു. കൊല്ലം ജില്ലയ്ക്ക് പുറത്തുനിന്നും മത്സ്യം കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഏനാത്ത് വച്ച് പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനം സദാനന്ദപുരത്ത് വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.