photo

കൊല്ലം: സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു, ഓണക്കാല വിനോദങ്ങൾ ലക്ഷ്യമിട്ട് ഈ മാസം 19 മുതൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. കൊവിഡിനെ തുടർന്ന് ഇക്കോ ടൂറിസം സെന്ററുകൾ അടച്ചതോടെ 2000 ആളുകളെ പ്രത്യക്ഷമായും,70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ പരീക്ഷണാർത്ഥം തുറക്കാൻ തീരുമാനിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾക്കും, കടുവാ സംരക്ഷണ അതോറിട്ടിയുടെ നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവർത്തനം. ആദ്യഘട്ടത്തിൽ പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും, 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. താമസിക്കുന്നതിനും കഫറ്റീരിയയിൽ ഇരുന്നു കഴിക്കുന്നതിനും ആദ്യഘട്ടത്തിൽ വിലക്കുണ്ട്. എന്നാൽ ഭക്ഷണം പാഴ്സലായി ലഭിക്കും.

തെന്മലയടക്കമുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ്, ബോട്ടു യാത്ര തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില കൃത്യമായി പരിശോധിക്കും. അനുവദനീയമായതിൽ കൂടുതലാണ് താപനിലയെങ്കിൽ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നൽകും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ സജ്ജമാക്കും. മാസ്‌ക്, സാനിറ്റൈസർ, കൃത്യമായ ഇടവേളകളിലെ അണു നശീകരണം, പ്രവേശന, പുറം കവാടങ്ങളിൽ ടോയ്ലറ്റുകൾ എന്നിവ സെന്ററുകളിൽ ഉറപ്പാക്കും. കേന്ദ്രങ്ങളിൽ 65 വയസിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല. ഇക്കോ ടൂറിസത്തിലെ സുന്ദരകാഴ്ചകളുടെ വിസ്മയ ലോകത്തേക്ക് വീണ്ടുമെത്താൻ കൊതിച്ചിരുന്നവർക്ക് വലിയ പ്രതീക്ഷയാണ്. കുട്ടികൾക്കുകൂടി ഇവിടം സന്ദർശിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഓണക്കാലത്തെ കുടുംബ സമേതമുള്ള വിനോദത്തിന്റെ സന്തോഷം ലഭിക്കൂ.

ടിക്കറ്റ് ഓൺലൈനിൽ

പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാർക്ക് ചെയ്യുതിന് മുമ്പ് ടയർ അണു വിമുക്തമാക്കണം. പകൽ സമയങ്ങളിൽ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചിൽ ഏഴുപേരെ വരെ അനുവദിക്കും.

''

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്കും, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്കുമായിരിക്കും. കൃത്യമായ ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ