തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി.പി.എം
കൊല്ലം: കടബാദ്ധ്യത താങ്ങാനാകാതെ ജീവനൊടുക്കിയ ആളിന്റെ മൺറോത്തുരുത്തിലെ വസ്‌തു വിൽക്കാൻ സി.പി.എം സമരത്തെ തുടർന്ന് കഴിയുന്നില്ലെന്ന് കുടുംബത്തിന്റെ പരാതി. വസ്‌തുവിൽ മുമ്പ് പ്രവർത്തിപ്പിച്ചിരുന്ന ഇഷ്ടിക കമ്പനിയിലെ 21 ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ് സി.ഐ.ടി.യു. എന്നാൽ തങ്ങൾ കമ്പനി നടത്തിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിലാണ് വസ്തു ഉടമ പിറവന്തൂർ വെടിത്തിട്ട വന്മല വെള്ളത്തറയിൽ റുഖിയാ ബീവി. പ്രശ്‌ന പരിഹാരത്തിന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ സാനിദ്ധ്യത്തിൽ രണ്ട് തവണ ചർച്ച നടന്നെങ്കിലും ഇരു പക്ഷവും നിലപാടുകളിൽ ഉറച്ച് നിന്നു. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം ആവശ്യപ്പെട്ടെന്നാണ് റുഖിയാ ബീവിയുടെ മകൻ ഷെഹിൻ.എസ്.ഷെറീഫ് പറയുന്നത്. എന്നാൽ തുക പറഞ്ഞിട്ടില്ലെന്നും തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും സി.പി.എം നേതാക്കൾ പറയുന്നു.
സമരങ്ങൾ ഒഴിവാക്കാനും തടസങ്ങളില്ലാതെ വസ്തു വിൽക്കാനും നിയമ സഹായം തേടിയിരിക്കുകയാണ് കുടുംബം.
തർക്കത്തിന്റെ തുടക്കം ഇങ്ങനെ
മൺറോത്തുരുത്തിലെ പട്ടം തുരുത്തിൽ 1.33 ഏക്കർ ഭൂമി കെ.എം.ഷെറീഫ് ഭാര്യ റുഖിയാ ബീവിയുടെ പേരിൽ വാങ്ങിയത് 2000ത്തിലാണ്. കട ബാദ്ധ്യതകൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ 2011 ലാണ് ഷെറീഫ് ആത്മഹത്യ ചെയ്‌തത്. റുഖിയാ ബീവിയുടെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ബാദ്ധ്യതകൾ തീർക്കാനാണ് വസ്‌തു വിൽക്കാനുള്ള ശ്രമം തുടങ്ങിയത്. പത്ത് സെന്റ് വസ്‌തു വിറ്റപ്പോൾ നഷ്ടപരിഹാരം തേടി തൊഴിലാളികളും യൂണിയൻ നേതാക്കളുമെത്തി. വസ്തുവിൽ കുടിൽ കെട്ടി സമരം തുടങ്ങിയതോടെ കടം വീട്ടാൻ വസ്‌തു വിൽപ്പന നടത്താൻ കഴിയാത്ത സ്ഥിതിയായി. പൊലീസിൽ പരാതി നൽകിയതോടെ അനധികൃതമായി വസ്തുവിൽ കടന്ന് കുടിൽ കെട്ടിയതിന് സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.
''
ഇഷ്ടകിക കമ്പനിയിൽ ജോലി ചെയ്തിരുന്ന 21 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണം. ഇഷ്ടിക കമ്പനിയുടെ പ്രവർത്തനം നിറുത്തിയപ്പോൾ, വസ്തു വിൽക്കുമ്പോൾ തൊഴിൽ ആനുകൂല്യങ്ങൾ നൽകാമെന്നാണ് അറിയിച്ചിരുന്നത്. മുമ്പുണ്ടാക്കിയ ധാരണകൾ പാലിക്കണം.
കെ.മധു, സി.പി.എം കുന്നത്തൂർ
ഏരിയാ കമ്മിറ്റി അംഗം