പ്രതിസന്ധികളെ വെല്ലുവിളിച്ച് സംരംഭകർ
കൊല്ലം: പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ കടം തരുന്നുണ്ട്, ഭാഗ്യത്തിന് ആർക്കും അസുഖങ്ങളില്ല, ഇതെല്ലാം മാറും മാറാതിരിക്കില്ല... മാർച്ച് അവസാന വാരത്തിൽ വീടിന് മുന്നിലെ ഷെഡിൽ ഒതുക്കിയിട്ട മിനിബസ് ഇതുവരെ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്താംകോട്ട സ്വദേശിയായ യുവാവിന്റെ മനസിലെ പ്രതീക്ഷ കെട്ടുപോയിട്ടില്ല.
ഭാര്യയുടെ സ്വർണാഭരണങ്ങൾ വിറ്റ് കിട്ടിയ തുകയ്ക്കൊപ്പം ബാങ്ക് വായ്പയും പ്രിയപ്പെട്ടവരുടെ സഹായങ്ങളും ചേർത്തുവച്ച് ബസ് വാങ്ങിയിട്ട് രണ്ട് വർഷം തികഞ്ഞില്ല. സ്വകാര്യ സ്‌കൂളിലെ കുട്ടികളെ സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടെത്തിക്കുന്നതായിരുന്നു പ്രധാന വരുമാനം. വിവാഹം, വിനോദ യാത്രകൾ എന്നിവയൊക്കെ അധിക വരുമാനവും നൽകി. എന്നാൽ കൊവിഡ് കാലത്ത് എല്ലാം താളം തെറ്റി. ഇതോടെ ബാങ്ക് വായ്പാ തിരിച്ചടവും മുടങ്ങി. ഇങ്ങനെ ജീവിതത്തിന്റെ നിസഹായതയിൽ പകച്ചുപോയ നൂറ് കണക്കിന് മിനിബസ് ഉടമകളുണ്ട് ജില്ലയിൽ. മിനി ബസ് ഉടമകളും തൊഴിലാളികളും മാത്രമല്ല വലിയൊരു വിഭാഗം സംരംഭകരും നിരാശ്രയരായി.
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സംരംഭങ്ങൾ അപ്രതീക്ഷിത നഷ്ടങ്ങളിലേക്ക് കൂപ്പ് കുത്തിയപ്പോൾ ഇവരിൽ മിക്കവരും അതിജീവനത്തിന്റെ പുതിയ വഴികൾ തേടി. കൊവിഡ് കാലത്തും വിപണിയിലേക്ക് പണം ഒഴുകുന്നത് എങ്ങനെയെന്ന് കണ്ടെത്തി. ഓട്ടോറിക്ഷയും ജീപ്പും വരെ സഞ്ചരിക്കുന്ന മിനിസൂപ്പർ മാർക്കറ്റുകളായി. ദൂരെ നിന്ന് കണ്ട ജീവിത വേഷങ്ങളൊക്കെയും അവർ എടുത്തണിഞ്ഞ് പ്രതിസന്ധികളെ വെല്ലുവിളിച്ചു.
മണ്ണിൽ ചവിട്ടി കൃഷിയിറക്കി
കൊവിഡ് കാലത്തും സാധാരണക്കാരന് പ്രതീക്ഷ നൽകിയത് കൃഷിയാണ്. നൂറ് കണക്കിന് ചെറുപ്പക്കാർ മണ്ണിലേക്കിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ കാർഷിക മേഖലയിലുണ്ടായ നഷ്ടം ചെറുതല്ല. എങ്കിലും മണ്ണിലൂന്നി പ്രതിസന്ധിയെ മറികടക്കാമെന്ന വിശ്വാസം യുവാക്കളിൽ വ്യാപിക്കുന്നുണ്ട്.
പുതിയ വഴിയേ ജീവിതങ്ങൾ
1. ഉപ്പേരി, ചമ്മന്തിപ്പൊടി, ചപ്പാത്തി എന്നിവയുമായി യുവാക്കൾ
2. മിക്കവരും നാലുമാസം മുമ്പുവരെ മറ്റ് പല ജോലികളും ചെയ്തിരുന്നവർ
3. ബസ് ജീവനക്കാരും സ്വകാര്യ ജീവനക്കാരും കാറ്ററിംഗ് ഉടമകളും ഉൾപ്പെടും
4. വൻകിട ബ്രാൻഡുകളേക്കാൾ വില കുറവ്, ഗുണനിലവാരം
5. മോശമെങ്കിൽ നേരിട്ട് വിളിച്ചോളൂ എന്ന വിൽപ്പനക്കാരന്റെ ഉറപ്പ്
''
വിലക്കുറവും ഗുണമേന്മയുമാണ് പുതിയ സംരഭത്തിന്റെ മുതൽക്കൂട്ട്. ഉപഭോക്താക്കളുടെ സഹകരണം ആത്മവിശ്വാസം നൽകുന്നു. വെല്ലുവിളികൾ നേരിടാൻ പഠിപ്പിച്ച കൊവിഡിന് നന്ദി.
സന്ദീപ്, സംരംഭകൻ,
ശാസ്താംകോട്ട