കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലത്തിന് വീണ്ടും പച്ചക്കൊടി. ടെണ്ടറിൽ പങ്കെടുത്ത രണ്ടാമത്തെ കമ്പനിയുമായി കരാർ ഉറപ്പിക്കാനുള്ള ഫയലിന് ധനവകുപ്പ് അനുമതി നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ മന്ത്രിസഭയുടെ അനുമതി ലഭ്യമാക്കി കരാർ ഒപ്പിടാനുള്ള ശ്രമമാണ് നടക്കുന്നത്.
36.47 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഇപ്പോൾ കരാർ ഉറപ്പിക്കാൻ ആലോചിക്കുന്ന കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത് എസ്റ്റിമേറ്റിനെക്കാൾ 19 ശതമാനം അധികം തുകയാണ്. ഈ കമ്പനിയുമായി കരാർ ഉറപ്പിച്ചാൽ പാലം നിർമ്മാണത്തിന്റെ ചെലവ് 43.4 കോടി രൂപ ആയി മാറും.
കുരുക്കുകളൊഴിയാതെ..
01. പദ്ധതി ആദ്യം ടെണ്ടർ ചെയ്തപ്പോൾ പങ്കെടുത്തത് ഒരു കമ്പനി മാത്രം
02. കാലാവധി നീട്ടിയിട്ടും പുതുതായി ആരുമെത്തിയില്ല
03. റീ ടെണ്ടറിൽ രണ്ട് കമ്പനികളെത്തി
04. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 12 ശതമാനം അധികമായതിനാൽ ഫയൽ മന്ത്രിസഭയുടെ അനുമതിക്ക്
05. മന്ത്രിസഭ അനുമതി നൽകിയെങ്കിലും തൊഴിലാളികളുടെ ക്ഷാമം പറഞ്ഞ് നിർമ്മാണ കമ്പനി പിൻവാങ്ങി
05. രണ്ടാമത്തെ ഉയർന്ന തുകയ്ക്ക് കരാർ ഉറപ്പിക്കാൻ ഫയൽ വീണ്ടും മന്ത്രിസഭയുടെ അനുമതിക്ക്
'' ടെണ്ടറിൽ രണ്ടാമത്തെ ഉയർന്ന തുക രേഖപ്പെടുത്തിയ കമ്പനിയുമായി കരാർ ഉറപ്പിക്കാനുള്ള ഫയലിന് ധനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ കൈവശമുള്ള ഫയൽ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടും. ഇതിന് ശേഷമാകും മന്ത്രിസഭ പരിഗണിക്കുക. ഈ മാസം തന്നെ മന്ത്രിസഭ ഫയലിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ"
എം. മുകേഷ് എം.എൽ.എ
എസ്റ്റിമേറ്റ് തുക: 36.47 കോടി രൂപ
പുതിയ കമ്പനിയുമായുള്ള കരാർ: 43.4 കോടി രൂപയ്ക്ക്