തഴവ: തഴവയിൽ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ള 105 പേരെ ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കി. തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 74 പേരെ ആർ.ടി. പി.സി.ആർ ടെസ്റ്റിനും 31 പേരെ ആന്റിജൻ പരിശോധനയ്ക്കുമാണ് വിധേയരാക്കിയത്. മുമ്പ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരും ഇന്നലെ വീണ്ടും പരിശോധനയ്ക്ക് വിധേയരായി. പരിശോധനയ്ക്കെത്തിയ എല്ലാവരും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ച മണപ്പള്ളി, തൊഴിലുറപ്പ് തൊഴിലാളിക്കും മരപ്പണിക്കാരനും രോഗം സ്ഥിരീകരിച്ച അമ്പലമുക്ക് വാർഡുകളിലുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
നീരീക്ഷണം ശക്തമാക്കി
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളിലുള്ളവർക്ക് പുറമേ ആട്ടോ, ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരും പരിശോധനയ്ക്ക് വിധേയരായി. രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നിരീക്ഷണം ശക്കതമാക്കി. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മാസ്ക് ധരിക്കാത്തവർക്കും സാമൂഹ്യ അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഴവ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.