covid

 കരുനാഗപ്പള്ളി താലൂക്കിലെ 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ

കരുനാഗപ്പള്ളി: ഓണം വിപണി സജീവമായതോടെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടത്തോടെ ടൗണിലെത്തുന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും തലവേദനയാകുന്നു. ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നുണ്ട്. സാമൂഹ്യ വ്യാപനം വർദ്ധിച്ചതോടെ കരുനാഗപ്പള്ളി താലൂക്കിലെ 17 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തഴവ, കരുനാഗപ്പള്ളി, തൊടിയൂർ, ആലപ്പാട് എന്നിവിടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല.

കണ്ടെയ്ൻമെന്റ് സോണുകൾ

പന്മന 5, 8, തൊടിയൂർ 3, 4, തേവലക്കര 2, 4, 16, 17, നീണ്ടകര 3, 6, കുലശേഖരപുരം 8, ക്ലാപ്പന 15, ആലപ്പാട് 2, 14, 15, ചവറ 9, 12 എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ.

ജാഗ്രത വേണം

ആരോഗ്യ വകുപ്പും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് സാമൂഹ്യ വ്യാപനം കൂടാൻ കാരണമെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. മാസ്കും സാനിറ്റൈസറും ഉപയോഗിക്കാതിരിക്കൽ, സാമൂഹ്യ അകലം പാലിക്കാതിരിക്കൽ തുടങ്ങിയവയാണ് സാമൂഹ്യ വ്യാപനം വർദ്ധിക്കാനുള്ള കാരണം. ഇനിയുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ സാമൂഹ്യ വ്യാപനത്തിന്റെ തോത് ഉയരുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.