നിരീക്ഷിക്കാൻ മോണിട്ടറിംഗ് ഓഫീസർമാർ
കൊല്ലം: ഓണാഘോഷം മുന്നിൽ കണ്ട് കൊവിഡ് വ്യാപനം തടയുന്നതിന് വാർഡുകൾ തോറും ക്ളസ്റ്ററുകൾ രൂപീകരിക്കുന്നു. സമ്പർക്ക വ്യാപനവും ഉറവിടമറിയാത്ത കേസുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിട്ടിയാണ് കടുത്ത നടപടികൾ കൈക്കൊള്ളുന്നത്.
ഓരോ താലൂക്കുകളിലെയും പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകൾ തോറും ക്ളസ്റ്ററുകൾ രൂപീകരിക്കാൻ ജില്ലാ കളക്ടർമാർ തഹസീൽദാർമാർക്ക് നിർദേശം നൽകി. മുമ്പ് തീവ്ര രോഗവ്യാപന മേഖലകളിലെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു ക്ളസ്റ്ററുകൾ രൂപീകരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി രോഗ വ്യാപന നിരക്കും മരണ നിരക്കും ഉയരുകയും ജാഗ്രതകുറവ് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തുന്നത്.
ഓരോ വാർഡിലും പത്ത് മുതൽ പതിനഞ്ച് വീടുകൾ അടങ്ങുന്നതാണ് ഒരു ക്ളസ്റ്റർ. ഇത്തരത്തിൽ വാർഡിലെ മുഴുവൻ വീടുകളും ക്ളസ്റ്ററുകളാക്കി തിരിച്ച് ഓരോ ക്ളസ്റ്ററിനും സൂപ്പർ വൈസറെയും വാർഡിന്റെ മുഴുവൻ നിരീക്ഷണത്തിന് ഒരു മോണിറ്ററിംഗ് ഓഫീസറെയും നിയോഗിക്കും. താലൂക്ക് തോറും അദ്ധ്യാപകരുൾപ്പെടെ ആവശ്യമായ മോണിറ്ററിംഗ് ഓഫീസർമാരെ നിയോഗിക്കാനുള്ള ഉത്തരവാദിത്വം തഹസീൽദാർമാർക്കാണ്.
ചുമതലകൾ ഇങ്ങനെ
1. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ക്ളസ്റ്റർ രൂപീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി
2. ക്ളസ്റ്ററിന്റെ ചുമതല സൂപ്പർവൈസർക്കും മോണിറ്ററിംഗ് ഓഫീസർക്കും
3. കൂട്ടം കൂടുകയോ രോഗവ്യാപന ഭീതി പരത്തുകയോ ചെയ്താൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയെ അറിയിക്കണം
4. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ലംഘിച്ചാൽ നടപടി സ്വീകരിക്കണം
5. ക്ളസ്റ്ററിലെ ആർക്കെങ്കിലും പനിയോ മറ്ര് കൊവിഡ് ലക്ഷണങ്ങളോ പ്രകടമായാൽ ഉദ്യോഗസ്ഥരെ അറിയിക്കേണ്ട ഉത്തരവാദിത്വം മോണിറ്ററിംഗ് ഓഫീസർക്ക്
''
ഓണക്കാലമാകുന്നതോടെ റോഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും ആളുകൾ തിക്കിതിരക്കും. ഇത്തരം സാഹചര്യം ഒഴിവാക്കി പ്രതിരോധം ശക്തമാക്കുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രമം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ