meeen
മത്സ്യബന്ധനം പുനരാരംഭിച്ചതോടെ നിരത്തുകളിലെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ തിരക്ക് തുടങ്ങി. ഇന്നലെ സന്ധ്യയ്ക്ക് കൊല്ലം ബൈപ്പാസ് ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നുള്ള ദൃശ്യം

 അനുമതി നൽകിയിട്ടും തുറക്കുന്നില്ല


കൊല്ലം: കണ്ടെയ്ൻമെന്റ് സോണുകളിലല്ലാത്ത ചന്തകൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയെങ്കിലും ജില്ലയിലെ ഭൂരിഭാഗം ചന്തകളും ഒന്നരമാസമായി അടഞ്ഞുകിടക്കുന്നു. കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളും പൊലീസും അനുമതി നൽകാത്തതാണ് പ്രശ്നം. ചന്തകളുടെ നിയന്ത്രണത്തിന് നിയോഗിക്കാൻ ആവശ്യത്തിന് പൊലീസും ഉദ്യോഗസ്ഥരില്ലാത്തതാണ് ഈ നിലപാടെടുക്കാൻ കാരണം.

ചന്തകൾ തുറന്നാൽ നിയന്ത്രണം ഫലപ്രദമാകില്ലെന്നാണ് തദ്ദേശ സ്ഥാപന അധികൃതരും പൊലീസും പറയുന്നത്. പല ചന്തകളിലും ഒന്നര മീറ്റർ അകലത്തിൽ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ക്രമീകരിക്കാനുള്ള സ്ഥലമില്ല. കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തുമ്പോൾ ഉപഭോക്താക്കളും കച്ചവടക്കാരും ഉദ്യോഗസ്ഥർക്ക് നേരെ തിരിയും. ഇത് കണക്കിലെടുത്താണ് കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന മേഖലകളിലെ ചന്തകൾ തുറക്കാത്തത്. അതേസമയം ചന്തകൾ മാത്രമല്ല വഴിയോര കച്ചവടവും അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തടസപ്പെടുത്തരുതെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ചത്.

കച്ചവടക്കാർ ആത്മഹത്യയുടെ വക്കിൽ

ചന്തകൾ അടഞ്ഞ് ഒന്നരമാസമായതോടെ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വിൽക്കുന്ന ചെറുകിട കച്ചവടക്കാർ ആത്മഹത്യയുടെ വക്കിലാണ്. അടഞ്ഞുകിടക്കുന്ന ചന്തകളുടെ മുന്നിൽ എല്ലാദിവസവും ഉല്പന്നങ്ങളുമായി എത്തുമെങ്കിലും മത്സ്യം ഇല്ലാത്തതിനാൽ കാര്യമായി ഉപഭോക്താക്കളെത്തുന്നില്ല.

അടഞ്ഞിട്ട്

1.5 മാസം

വഴി നീളെ മത്സ്യക്കച്ചവടം

1. മത്സ്യബന്ധനത്തിന് അനുമതി നൽകിയത് വഴിയോരത്തും വീടുവീടാന്തരവുമുള്ള കച്ചവടം പാടില്ലെന്ന കർശന വ്യവസ്ഥയോടെ

2. ചന്തകൾ തുറക്കാത്തതിനാൽ വഴിനീളെയും വീടുകൾ തോറുമുള്ള കച്ചവടം വ്യാപകമായി

3. ജില്ലയിൽ കച്ചവടം ചെയ്യുന്ന മത്സ്യത്തിന്റെ വലിയൊരു ഭാഗം അന്യസംസ്ഥാനത്ത് നിന്നുള്ളതാണ്

4. മത്സ്യവുമായി എത്തുന്ന അന്യസംസ്ഥാന ലോറിക്കാരുമായുള്ള സമ്പർക്കം രോഗവ്യാപനത്തിന് ഇടയാക്കും

5. മത്സ്യക്കച്ചവടക്കാരിൽ നിന്നാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞമാസം പകുതിയോടെ കൊവിഡ് പടർന്നത്