psc

കൊല്ലം: പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന സുപ്രീംകോടതിയും ഹൈക്കോടതിയുടെയും ഉത്തരവുകൾ കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ് സർവകലാശാലകൾ തുടർച്ചയായി അവഗണിക്കുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്റ് തസ്തികയിൽ 2016ൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്ന് കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്ന. ഉത്തരവിൽ വ്യക്തതയില്ലെന്ന് പറഞ്ഞ് നൂറുകണക്കിന് ഉദ്യോഗാർത്ഥികളെയാണ് സർവകലാശാല കബളിപ്പിക്കുന്നത്.

കാലിക്കറ്റിലെ കള്ളക്കളികൾ

സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് നിയമനത്തിന് 2014ലാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2015ൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കി. തൊട്ടു പിന്നാലെ, സ്വന്തം റാങ്ക് ലിസ്റ്റിൽ നിന്ന് 300 പേർക്ക് സർവകലാശാല നിയമനം നൽകി. 2016ൽ പി.എസ്.സി വിജ്ഞാപനം വന്നപ്പോൾ, 36 പേരെക്കൂടി സ്വന്തം നിലയ്ക്ക് നിയമിച്ചു. പി.എസ്.സി സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2016 ആഗസ്റ്റ് 10ന് നിലവിൽ വന്നിട്ടും പിന്നെയും 68 പേർക്ക് കൂടി സർവകലാശാല നിയമന ശുപാർശ നൽകി. ഇവരിൽ 40 പേർ ജോലിയിൽ പ്രവേശിച്ചു.

ഇതിനെതിരെ പി.എസ്.സി റാങ്കുകാർ ഹൈക്കോടതിയെ സമീപിച്ചു. 104 ഒഴിവുകളിലേക്കും പി.എസ്.സി വഴി നിയമനം നടത്താൻ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവായി. ഇതിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും പി.എസ്.സി റാങ്ക് ജേതാക്കൾക്ക് അനുകൂലമായിരുന്നു വിധി. സർവകലാശാല നിയമനം നൽകിയ 36 പേരെ മാനുഷിക പരിഗണനയിൽ ജോലിയിൽ തുടരാനും കോടതി അനുവദിച്ചു. ഇതിനെതിരായ അപ്പീലിൽ, തങ്ങൾക്കനുകൂലമായ സുപ്രീംകോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന തങ്ങളെ വീണ്ടും തഴയുന്നതിന് സർവകലാശാല പുതിയ ന്യായങ്ങൾ കണ്ടെത്തുകയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

എം.ജിയിൽ


എം.ജി സർവകലാശാലയിൽ 40 ക്ലറിക്കൽ അസിസ്റ്റന്റുമാരെയും 10 റോണിയോ ഓപ്പറേറ്റർമാരെയും സ്ഥാനക്കയറ്റം നൽകി അസിസ്റ്റന്റ്മാരാക്കി. പി.എസ്.സി ലിസ്റ്റ് നിലവിലുണ്ടായിട്ടും ,ആ കണക്കിലുള്ള 31 പേരെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്.

കുസാറ്റിൽ


കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല 41 ഒഴിവുകളിൽ താത്കാലിക നിയമനം നടത്തി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഈ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.