കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ വിവാദഭൂമിയിൽ നഗരസഭ ഓഫീസ് സമുച്ചയം നിർമ്മിക്കാനൊരുങ്ങുന്നു. കെട്ടിട നിർമ്മാണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി ഏഴ് കോടി രൂപ അനുവദിച്ചു. എൻ.ഒ.സി കിട്ടിയാലുടൻ ടെണ്ടർ നടപടികളിലേക്ക് തിരിയാനാണ് നഗരസഭ അധികൃതരുടെ തീരുമാനം. എന്നാൽ വാഹന പാർക്കിംഗിന് തീരെ ഇടമില്ലാത്ത കൊട്ടാരക്കര പട്ടണത്തിൽ ആകെയുള്ള പാർക്കിംഗ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനെതിരെ പൊതുവികാരം ശക്തമാവുകയാണ്.
ചന്തമുക്കിലെ തിരക്കുകൾക്കിടയിലേക്ക്
2019 മാർച്ചിൽ ഇരുപത്തഞ്ച് വർഷം പഴക്കമുള്ള ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം പൊളിച്ച് മാറ്റിയതോടെയാണ് ചന്തമുക്കിൽ വേണ്ടുവോളം പാർക്കിംഗ് സ്ഥലം ലഭിച്ചത്. അര ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്. പട്ടണത്തിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനൊപ്പം പൊതുചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും യുക്തമായ ഭാഗമായി ഇവിടം മാറിയത് എല്ലാവർക്കും അനുഗ്രഹമായിരുന്നു. ചന്തമുക്കിനും പുലമൺ ജംഗ്ഷനും ഇടയിലായിട്ടാണ് നിലവിൽ നഗരസഭയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. സ്ഥല പരിമിതികൾ ഏറെയുള്ളതിനാൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ആലോചന നടത്തിയിരുന്നു. രവിനഗറിലെ കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഭൂമി ഇതിനായി അനുവദിച്ചതുമാണ്. എന്നാൽ ചില പിടിവാശികളുടെ പേരിൽ ചന്തമുക്കിലെ തിരക്കുകൾക്കിടയിലേക്ക് ഓഫീസ് സമുച്ചയം നിർമ്മിക്കാനൊരുങ്ങുകയാണ് നഗരസഭ അധികൃതർ.
വിവാദങ്ങൾക്ക് കുറവില്ല
ഈ ഭൂമിയെച്ചൊല്ലി ഏറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. റവന്യു വകുപ്പിന്റെ അധീനതയിലുള്ളതാണ് ഭൂമിയെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. കാൽ നൂറ്റാണ്ട് മുൻപ് പഞ്ചായത്ത് ഇവിടെ കെട്ടിടം നിർമ്മിച്ചപ്പോൾ ഭൂമി സംബന്ധിച്ച വിഷയങ്ങൾ മറച്ചുവച്ചിരുന്നതാണ്. റവന്യൂ വകുപ്പ് വിട്ടുനൽകാതെ ഇവിടെ കെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്ന നൂലാമാലകൾ നിലനിൽക്കുമ്പോഴാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്. ഇവിടെത്തന്നെ കുറച്ചുഭാഗം കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് ഇപ്പോഴും. ഇതിൽ കെട്ടിടങ്ങളുമുണ്ട്. കാലപ്പഴക്കം ആയിട്ടില്ലാത്ത ഈ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനും ഒട്ടേറെ നിയമക്കുരുണ്ടാകും. നിർമ്മിതി കേന്ദ്രം നിർമ്മിച്ച മാതൃകാകെട്ടിടവും ഇവിടെയുണ്ട്.
രണ്ട് നില കെട്ടിടം
നഗരസഭയുടെ ഓഫീസ് സമുച്ചയത്തിനായി രണ്ട് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അടിഭാഗത്ത് പാർക്കിംഗിനും സ്ഥലമൊരുക്കും.
പാർക്കിംഗ് ഗ്രൗണ്ടാക്കണം
പട്ടണത്തിലെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന വിധം ഇവിടം ക്രമീകരിക്കണം. ഇപ്പോൾ കുറച്ച് സ്ഥലം മാത്രമാണ് പാർക്കിംഗിന് ഉപയോഗിക്കുന്നത്. നിരപ്പാക്കി കോൺക്രീറ്റ് ചെയ്തോ ടാറിംഗ് നടത്തിയോ ഇവിടം ഒരുക്കിയെടുക്കണം. ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചാൽ പൊതു പരിപാടികൾക്കും ഉപയോഗിക്കാം. പാർക്കിംഗിന് ചെറിയ ഫീസ് വാങ്ങിയും സ്റ്റേജ് വാടക വാങ്ങിയും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിയാൽ നഗരസഭയ്ക്ക് വരുമാനവുമാകും.