dhanush

കൊല്ലം: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡൽ നേടിയ നാവിക സേനാ കമാൻഡർ ധനുഷ് മേനോൻ കൊല്ലത്തുകാരൻ. കൊല്ലം, തട്ടാമല, മാതൃകാ നഗർ 95-എ യശസിൽ ക്യാപ്ടൻ മുകുന്ദൻ മേനോന്റെയും പരേതയായ ഗിരിജാ മുകുന്ദന്റെയും മകനാണ്.

കഴിഞ്ഞ വർഷം കർണാടകയിലെ ബൽദാമിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നൂറുകണക്കിന് പേരെ എയർലിഫ്ടിംഗ് വഴി ധനുഷ് മേനോൻ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പുറമേ കർണാടകയിലെ കൊടുവനത്തിൽ അകപ്പെട്ട അവശരായ രണ്ട് വയോധികരെയും ധനുഷ് എയർലിഫ്ടിംഗ് നടത്തി രക്ഷപ്പെടുത്തി. ഈ ധീരകൃത്യങ്ങൾ പരിഗണിച്ചാണ് സേനാ മെഡൽ. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം 2004ലാണ് ധനുഷ് മേനോൻ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്. പരിശീലനത്തിന് ശേഷം നാവികസേനയിൽ പൈലറ്റായി. ഇപ്പോൾ ഗോവയിൽ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ പൈലറ്റാണ്. ഭാര്യ സീന ധനുഷ്. മൈഥിലി മേനോൻ, ധ്രുവിൻ മേനോൻ എന്നിവരാണ് മക്കൾ. ധനുഷ് മേനോൻ ഇപ്പോൾ കുടുംബ സമേതം ഗോവയിലാണ് താമസം.