കഴിഞ്ഞ മൂന്ന് ലക്കങ്ങളിലും തെക്കിലെ മൂന്ന് ദിശകളെപ്പറ്റിയായിരുന്നു പ്രതിപാദ്യം. ഇനി കിഴക്ക് ദിശ ശ്രദ്ധിക്കാം. ഇതിൽ വടക്കു കിഴക്ക് ദിശയെപ്പറ്റിനോക്കാം. ദിശകളിൽ ഏറ്റവും മാഹാത്മ്യമേറിയ ദിശയും ഐശ്വര്യ ദിശയുമാണ് വടക്ക് കിഴക്ക്. ഒരു വീടോ, ഒരു കെട്ടിടമോ, മറ്റേതെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളോ ഒരിടത്തുണ്ടെങ്കിൽ അതിനെ കേന്ദ്രീകരിച്ച് ഊർജ ദിശകൾ രൂപപ്പെടും. ആ നിർമ്മാണത്തിന്റെയോ വീടിന്റെയോ കെട്ടിടത്തിന്റേയോ വടക്കും കിഴക്കും ചേർന്നുവരുന്ന ദിശയാണ് വടക്കുകിഴക്ക്. ഏകദേശം 45 അടി ഒരു മൂലയുടെ വശമായി നിൽക്കും. രണ്ടു വശവും കൂടി ചേരുമ്പോൾ അത് 90 ആകും. 45 അടിയുടെ നേർപകുതിയിൽ അതായത് 23.5 അടിയിൽ പൂർണമായും ദിശ ഒതുങ്ങി നിൽക്കും.
വീടീനും വസ്തുവിനും വടക്ക് കിഴക്ക് ഭാഗമുണ്ട്. വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് റോഡ് വരുന്നതും ആ ഭാഗത്ത് വഴിയും ഗേറ്റുമൊക്കെ ഉളളതും ഐശ്വര്യം തരുന്ന വാസ്തുഭൂമിയാണ് . വടക്ക് കിഴക്കോട്ട് വസ്തു വളർന്നിക്കുന്നത് നല്ലതാണ്. പക്ഷേ വീടിന്റെ വടക്കു കിഴക്കുഭാഗം വളരാൻ പാടില്ല. വീടിന്റെ വടക്കു കിഴക്ക് ഭാഗം തള്ളിനിൽക്കുകയോ വളരുകയോ ചെയ്താൽ അത് അടുത്ത ബന്ധുക്കളെയൊക്കെ ശത്രുക്കളാക്കും.തെക്കു പടിഞ്ഞാറു നിന്നും പടിഞ്ഞാറുനിന്നും ഒഴുകി പരക്കുന്ന പ്രാണികോർജവും ദൃഷ്ടിഗോചരമല്ലാത്ത ആയിരക്കണക്കിന് ഭൗമ ഊർജങ്ങളും ഭൂമിയിലുണ്ട്. അത് വടക്കു കിഴക്ക് ഭാഗത്താണ് ഏറ്റവും അനുകൂലമായുളളത്.അതിന്റെ ഗുണം കിട്ടണമെങ്കിൽ വടക്കുകിഴക്കിനെ സജ്ജമാക്കേണ്ടതുണ്ട്.
വസ്തുവിന്റെ വടക്കു കിഴക്ക് ഭാഗത്ത് കിണർ നല്ലതാണ്. മിക്കയിടത്തും കണ്ടുവരുന്ന ഒരു വലിയ പോരായ്മ വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് അടുക്കള വരുന്നതാണ്. അത് പാടില്ല. വീടിന്റെ വടക്കു കിഴക്ക് പഠന മുറിയോ, കാർപോർച്ചോ, വായനാ മുറിയോ പൂജാമുറിയോ നിസ്ക്കാര നമസ്കാര മുറിയോ ആവാം. അടുക്കള അഗ്നി മൂലയായ തെക്കു കിഴക്കാണ് വരേണ്ടത്. വീടുകളിൽ ഏറ്റവും കൂടുതൽ വെള്ളംആവശ്യമായി വരുന്നത് അടുക്കളയിലാണ്. മോട്ടോറും വൈദ്യുതിയുമൊന്നുമില്ലാത്ത പഴയ കാലത്ത് വെളളം കോരാനായി കിണറിനോടടുത്ത് അടുക്കള വച്ചു. എന്നാൽ കാലങ്ങൾ മാറിയിട്ടും അത് മാറ്റാതെ ഇപ്പോഴും വടക്ക് കിഴക്ക് അടുക്കള വയ്ക്കുന്നത് കണ്ടുവരുന്നുണ്ട്. വെള്ളം അപ്പോൾ മോട്ടോർ ഉപയോഗിച്ച് നമുക്ക് ഇഷ്ടമുളളിടത്തൊക്കെ എത്തിക്കാമെന്നിരിക്കെ അടുക്കള തെക്കുകിഴക്കു തന്നെയാണ് സ്ഥാപിക്കേണ്ടത്.
വടക്കുകിഴക്കു ഭാഗത്തുകൂടി ജലമൊഴുകുന്നതോ, അവിടെ കുഴിയോ തോടോ ഉള്ളതും നല്ലതാണ്. എന്നുകരുതി വടക്കു കിഴക്ക് ഭാഗത്ത് യാതൊരു വിധത്തിലും മലിനജലക്കുഴി വരാൻ പാടില്ല. സെപ്ടിക് ടാങ്ക് ഒരിക്കലും വടക്കു കിഴക്ക് വരരുത്. കൊടിയ വ്യാധികൾക്കും കുടുംബ തകർച്ചയ്ക്കും ഇത് കാരണമാവും. വടക്കു കിഴക്ക് ഭാഗത്ത് കുളി മുറി, കക്കൂസ്,ഔട്ട് ഹൗസ് എന്നിവയൊന്നും പണിയരുത്.
വടക്കു കിഴക്ക് യാതൊരുകാരണവശാലും ഭാരം കൂടാൻ പാടില്ല. വടക്കു കിഴക്ക് വലിയ മലയോ വലിയനിർമ്മാണങ്ങളോ മറ്റോ അടുത്തുണ്ടെങ്കിൽ മതിൽ കെട്ടി തിരിക്കുകയും മതിലിൽ മൂന്ന് അടി ദൂരത്തിൽ ഗ്രില്ലുകളോ തുറപ്പുകളോ ഇടേണ്ടതുമാണ്. വടക്കു കിഴക്ക് ഭാഗം താഴ്ന്നിരിക്കണം. മതിൽ കെട്ടുമ്പോൾ വടക്ക് കിഴക്ക് ഭാഗം ഏറ്റവും താഴ്ന്നിരിക്കണം.വീട്ടിലേയ്ക്കുള്ള വഴി വടക്കു കിഴക്കിൽ ക്രമീകരിക്കുന്നത് ഒട്ടേറെ ഉയർച്ചകൾക്ക് കാരണമാവും. വടക്കു കിഴക്ക് ഭാഗം അടഞ്ഞു പോകാതെ നോക്കേണ്ടതുണ്ട്. വടക്ക് കിഴക്ക് ഭാഗത്ത് വലിയ മരങ്ങളുണ്ടെങ്കിൽ അത് മുറിച്ച് മാറ്റണം. പൂക്കൾ, തുളസിച്ചെടി എന്നിവയും മൂന്നടിയിൽ കൂടുതൽ ഉയരമില്ലാത്ത ചെറിയ ചെടികളും മാത്രമെ വടക്കു കിഴക്ക് വളർത്താവൂ. വസ്തുവിൽ ഏറ്റവും ശുദ്ധിയും വൃത്തിയും വേണ്ട സ്ഥമാണിവിടം. ( വടക്കു കിഴക്കിന്റെ ബാക്കി അടുത്ത ആഴ്ച)
സംശയങ്ങളും മറുപടിയും
വൃക്ഷങ്ങൾ വയ്ക്കാൻ നിശ്ചിത വാസ്തു നിയമങ്ങളുണ്ടോ?
ശ്രീകല ചിങ്ങവനം,
സുകേശൻ കൊട്ടറ, വനജ കൊടുങ്ങല്ലൂർ
അങ്ങനെ നിയമങ്ങളില്ല. വളർന്നു വരുമ്പോൾ വലിയ തടിയും കാതലും ഭാരവുമൊക്കെയുണ്ടാവുന്ന വൃക്ഷങ്ങൾ തെക്കും പടിഞ്ഞാറും നടാം. ഭാരമില്ലാത്ത വൃക്ഷങ്ങൾ കിഴക്കും വടക്കുമായി ക്രമീകരിക്കാം. വടക്ക് കിഴക്ക് ഭാഗത്ത് വൃക്ഷങ്ങൾ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.