jordan

പാലും മീനുമൊക്കെ കട്ടെടുത്ത് കഴിച്ച് ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിലിരിക്കാൻ മിടുക്കരാണ് പൂച്ചകൾ. വയറു നിറയാൻ വേണ്ടി മാത്രമല്ല പൂച്ചകൾ മോഷ്ടിക്കുന്നതെന്നതിന് തെളിവാകുകയാണ് ഒര‌ു പൂച്ച. പെൻസിൽവാനിയ സ്വദേശി ബി.ജെ.റോസിന്റെ വളർത്തു പൂച്ച ജോർദാനാണ് ഇപ്പോൾ താരം. ചെരുപ്പ് മോഷണം ആണ് ഈ കുട്ടിപ്പൂച്ചയുടെ പ്രധാന വിനോദം. ജോർദാൻ മുമ്പ് ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ ചത്തപക്ഷികൾ പാമ്പ്, എലി, ചെറിയ തോതിൽ ചപ്പു ചവറുകൾ എന്നിവയായിരുന്നു വീട്ടിൽ കൊണ്ടു വന്നിരുന്നതെന്നാണ് ഉടമ റോസ് പറയുന്നത്. പക്ഷേ, കുറച്ചു നാളുകൾക്ക് മുമ്പ് വീടിന് പുറകുവശത്തായി ഒരു ചെരിപ്പു കണ്ടു. അത് വലിച്ചെറിഞ്ഞു കളയുകയും ചെയ്തു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിലും ചെരിപ്പുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് മോഷ്ടാവിനെ കുരുക്കാൻ റോസ് തീരുമാനിച്ചത്. വീടിന് പുറകുവശത്തായി സ്ഥാപിച്ച സിസിടിവി കാമറയിൽ മോഷണ മുതലയുമായെത്തുന്ന ജോർദാൻ കൃത്യമായി പതിയുകയും ചെയ്തു. ഇതിന് പുറമെ ജോർദാന്റെ സഞ്ചാരദിശ അറിയുന്നതിനായി ഒരു ട്രാക്കിംഗ് ഡിവൈസും ഘടിപ്പിച്ചു കൊടുത്തു.

നാൽപതോളം ചെരുപ്പുകളാണ് 'പൂച്ച മോഷ്ടാവ്' അടിച്ചു മാറ്റി വീട്ടിലെത്തിച്ചത്. മോഷണം തുടരുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് കുറ്റബോധം തോന്നിയ റോസിന്റെ അമ്മ ഈ ചെരുപ്പുകൾ എങ്ങനെയങ്കിലും ഉടമകൾക്ക് തിരികെയത്തിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചു. തുടർന്നാണ്'പൂച്ചക്കള്ളൻ ജോർദാൻ' എന്ന പേരിൽ ഉടമയായ റോസ് ഫേസ് ബുക്കിൽ ഒരു ഗ്രൂപ്പ് ആരംഭിച്ചത്. ജോർദാൻ കൊണ്ടു വരുന്ന ചെരിപ്പുകളുടെ ചിത്രങ്ങൾ ഇവർ എഫ്ബിയിൽ പോസ്റ്റു ചെയ്യും.. അത് കണ്ട് ചെരിപ്പ് ഉടമകൾക്ക് സ്വന്തം ചെരിപ്പ് തിരിച്ചറിയാം.. വൈകാതെ തന്നെ പൂച്ചക്കള്ളൻ സോഷ്യൽ മീഡിയയിൽ ഒരു താരമായി. മോഷണത്തിന് ഇരയായവർക്ക് പുറമെ മറ്റുള്ളവരും ജോർദാന്റെ ആരാധകരായെത്തി. ആയിരക്കണക്കിന് ആളുകളാണ് ഇപ്പോൾ ഈ 'മോഷ്ടാവിന്റെ' ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്.