ഓച്ചിറ: കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഈ വർഷം കാളകെട്ട് മഹോത്സവം ഉപേക്ഷിച്ച് ആലുംപീടിക, കതിരോൻ യുവജനസമിതി മാതൃകയായി. 28-ാം ഓണത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് കെട്ടുകാളകളെ എഴുന്നള്ളിക്കുന്ന പരിപാടിയാണ് സമിതി ഉപേക്ഷിച്ചത്. പകരം പത്ത് കുടുംബങ്ങൾക്ക് ഒരു വർഷക്കാലത്തേക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ സമിതി എത്തിച്ചുനൽകും. ഇതിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ വയലിത്തറയിൽ ജി. പത്മകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജഹാൻ, ക്ലാപ്പന ഷിബു, താലൂക്ക് കൺസ്യൂമർ കൗൺസിൽ ജനറൽ സെക്രട്ടറി ആലുംപീടിക സുകുമാരൻ, പി.ജെ. കുഞ്ഞിചന്തു, സുരേഷ്, സുധാകരൻ കല്ലിശ്ശേരിൽ, സമിതി പ്രസിഡന്റ് കൊച്ചുബാബു, സെക്രട്ടറി സുനിൽ, സോനു ആലുംപീടിക തുടങ്ങിയവർ പങ്കെടുത്തു.