covid

 ഓണപ്പാച്ചിലിൽ വിലക്ക് വകവയ്ക്കാതെ ജനം

കൊല്ലം: ഓണം ഓടിയെത്തിയതോടെ നിരത്തിലും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം കൂസാതെയുള്ള തിക്കിത്തിരക്ക് ആരോഗ്യ പ്രവർത്തകരുടെ ചങ്കിടിപ്പ് കൂട്ടുന്നു. കൊവിഡ് വ്യാപനവും മരണനിരക്കും വർദ്ധിക്കവേ സർവതും മറന്നുള്ള ജനത്തിന്റെ പെരുമാറ്റമാണ് ആശങ്കയ്ക്ക് കാരണം.

ഗ്രാമ - നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളെല്ലാം ഉഷാറായി. ലോക്ക് ഡൗണിന് ശേഷം ആദ്യമായി ഉണർന്ന വിപണിയിൽ വിലക്കിഴിവും സൗജന്യങ്ങളും മോഹിച്ച് പലയിടത്തും ജനം തള്ളിക്കയറുകയാണ്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കിയും മാസ്ക് ധരിപ്പിച്ചും പേരും ഫോൺനമ്പരും രേഖപ്പെ‌ടുത്തിയുമാണ് ആളുകളെ കടകളിൽ പ്രവേശിപ്പിക്കുന്നതെങ്കിലും ചില കടകളിലൊഴികെ കടയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ പാളുകയാണ്.

വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും ഗൃഹോപകരണ വിൽപ്പന ശാലകൾക്കും പുറമേ നാട്ടിൻപുറങ്ങളിലെ ചെറുകിട കമ്പോളങ്ങൾ, പലചരക്ക് കടകൾ, പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള വ്യാപാരശാലകൾ എന്നിവിടങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കൊവിഡ് ബാധിത പ്രദേശങ്ങളോട് ചേർന്നുള്ള കമ്പോളങ്ങളിൽ സാമൂഹികഅകലം പാലിക്കപ്പെടുന്നില്ല. പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം പാളുന്നത്.

വെല്ലുവിളികൾ ഇങ്ങനെ

1. കുട്ടികളും പ്രായമായവരും ഉൾപ്പെടെ കുടുംബങ്ങളിൽ നിന്ന് കൂട്ടമായി ഷോപ്പിംഗിനെത്തുന്നു

2. രാവിലെയും വൈകുന്നേരങ്ങളിലും കടകളിലും റോഡുകളിലും തിരക്ക്

3. ഓണക്കിറ്റുകൾ വാങ്ങാൻ റേഷൻ കടകളിലും സപ്ളൈകോ - സൂപ്പർ മാ‌ർക്കറ്റുകളിലും ജനം ഇടിച്ചുകയറുന്നു

4. ക്ഷേമപെൻഷൻ വിതരണം തുടങ്ങിയതോടെ ബാങ്കുകൾ, ട്രഷറികൾ എന്നിവിടങ്ങളിലും തിരക്ക്

5. തദ്ദേശ സ്ഥാപനങ്ങളിൽ ക്ളസ്റ്റർ രൂപീകരിച്ച് മോണിട്ടറിംഗ് ഓഫീസർമാരെ നിയോഗിക്കുന്നുണ്ടെങ്കിലും നിയന്ത്രണം കടുപ്പിച്ചില്ലേൽ കാര്യങ്ങൾ കൈവിടും

''

ഓണക്കാലത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി പ്രതിനിധികളുടെ യോഗം വിളിക്കും. ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കൂടുതൽ സ്ക്വാഡുകളെ രംഗത്തിറക്കും

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ