surej

കൊല്ലം: കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വീൽചെയർ സിസ്റ്റം വികസിപ്പിച്ചെടുത്ത് ശ്രദ്ധ നേടുകയാണ് കരുനാഗപ്പള്ളി തഴവ സ്വദേശിയായ യുവ എൻജിനിയർ. തഴവ വടക്കുംമുറി കിഴക്ക് സുനിതാലയത്തിൽ സൂരജ് സുരേന്ദ്രനാണ് സ്മാർട്ട് ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചത്. സൂരജിന്റെ മൂന്ന് വർഷം നീണ്ട കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്.

3,500 രൂപ മാത്രമാണ് വീൽ ചെയർ സിസ്റ്റത്തിന് ചെലവായത്. തകരാറുണ്ടായാൽ പരിഹരിക്കാനും ചെലവ് കുറവാണ്. ഉപയോഗിക്കുന്നവർക്ക് വീൽചെയറിന്റെ വേഗത നിയന്ത്രിക്കാനുള്ള സൗകര്യം സജജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വീൽചെയറുകളുടെ കൺട്രോൾ സിസ്റ്റത്തിന് വില 12,000 രൂപയിൽ കൂടുതലാണ്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിൽ ഇലക്ട്രിക് വീൽചെയറുകളുടെ കൺട്രോൾ സിസ്റ്റം നിർമ്മിക്കണമെന്ന സൂരജിന്റെ ആഗ്രഹവും വിശ്രമമില്ലാത്ത പരിശ്രമവുമാണ് വിജയത്തിന് പിന്നിൽ.

ഇലക്ട്രോണിക് ആൻഡ് ടെലി കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദം നേടിയ സൂരജ് ബംഗളൂരുവിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജോലിക്കിടയിലാണ് ഇലക്ട്രിക് വീൽ ചെയർ സിസ്റ്റം വികസിപ്പിക്കാനായി സമയം കണ്ടെത്തിയത്. കേരളകൗമുദി മണപ്പള്ളി ഏജന്റായ സുരേന്ദ്രൻപിള്ളയുടെയും സുധയുടെയും മകനാണ് സൂരജ്. ഭാര്യ ഡോ. വീണയും കുടുംബവും സൂരജിന് നൽകിയ പിന്തുണ ചെറുതല്ല.