കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന റോഡുകളിൽ ഇനി വെബ് അധിഷ്ഠിത എൽ.ഇ.ഡി വിളക്കുകളുടെ 'നിലാവ്". പരമ്പരാഗത തെരുവ് വിളക്കുകൾക്ക് പകരമാണ് ഇവ സ്ഥാപിക്കുന്നത്. ഊർജ്ജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറയ്‌ക്കാനുള്ള 'നിലാവ്" പദ്ധതിയിലൂടെ വർഷവും കുറഞ്ഞത് 500 തെരുവ് വിളക്കുകൾ എ.ഇ.ഡിയാക്കുകയാണ് സർക്കാർ ലക്ഷ്യം.
പദ്ധതിയുടെ നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബി ലിമിറ്റഡ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടും. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇ.ഇ.എസ്.എല്ലാണ് (എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്) പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് ഇ.ഇ.എസ്.എൽ എൽ.ഇ.ഡി വിളക്കുകൾ വാങ്ങി കെ.എസ്.ഇ.ബിക്ക് നൽകും.
എൽ.ഇ.ഡിയുടെ പ്രത്യേകത
പരമ്പരാഗത വിളക്കുകളേക്കാൾ 90 ശതമാനം കുറച്ച് വൈദ്യുതിയിലാണ് എൽ.ഇ.ഡികളുടെ പ്രവർത്തനം. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ വൈദ്യുതിച്ചെലവ് കുറയും. വിളക്കുകളുടെ ദീർഘായുസാണ് മറ്റൊരു പ്രത്യേകത. അറ്റകുറ്റപ്പണി, മാറ്രി സ്ഥാപിക്കാൽ ചെലവും കുറയും.
നിലാവിന്റെ സവിശേഷത
1. എൽ.ഇ.ഡി വിളക്കുകൾക്ക് ഏഴ് വർഷത്തെ വാറന്റി. ഈ സമയത്തുണ്ടാകുന്ന തകരാറുകൾ സൗജന്യമായി കെ.എസ്.ഇ.ബി പരിഹരിക്കും
2. കെ.എസ്.ഇ.ബി വാഗ്‌ദാനം ചെയ്യുന്ന എ.എം.സി (ആനുവൽ മാനേജ്മെന്റ് ചാർജസ്) ഒരു എൽ.ഇ.ഡിക്ക് 34.46 രൂപയാണ്. കെ.എസ്.ഇ.ബിയുമായി എ.എം.സിയിൽ ഏർപ്പെടാൻ തദ്ദേശ സ്ഥാപനത്തിന് താത്പര്യമില്ലെങ്കിൽ പ്രാദേശിക ക്രമീകരണം നടത്താം. അങ്ങനെയെങ്കിൽ വാറന്റി കാലയളവിൽ തകരാറുണ്ടായാൽ മാറ്റേണ്ടത് എ.എം.സി സേവന ദാതാവാണ്
4. മാറ്റുന്ന എൽ.ഇ.ഡികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയിൽ തുക നിക്ഷേപിക്കണം
5. എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങാനുള്ള ടെൻഡർ കെ.എസ്.ഇ.ബിയെ പ്രതിനീധികരിച്ച് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് നടത്തും
6. എൽ.ഡി.ഇകളുടെ സംഭരണം, വിതരണം, സ്ഥാപിക്കൽ എന്നിവയുടെ ചുമതല കെ.എസ്.ഇ.ബിക്കാണ്. ഗുണനിലവാരവും ഉറപ്പാക്കണം
7. പദ്ധതി മേൽനോട്ട ചുമതല പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും. സംസ്ഥാനതല നോഡൽ ഓഫീസറെ കെ.എസ്.ഇ.ബിയും തദ്ദേശ സ്വയംഭരണ വകുപ്പും തീരുമാനിക്കും
8. ഫണ്ട് കണ്ടെത്തുന്നതിനായി വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് സി.എസ്.ആർ ഫണ്ടും സ്വീകരിക്കാം
''
മാറ്റാനുദ്ദേശിക്കുന്ന എൽ.ഇ.ഡി വിളക്കുകളുടെ എണ്ണം, വോൾട്ട്, മാറ്റിവയ്‌ക്കാൻ ഉദ്ദേശിക്കുന്ന തുക എന്നിവ 20നകം അറിയിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി.
ഡോ. പി.കെ. ജയശ്രീ
പഞ്ചായത്ത് ഡയറക്ടർ