ലോകം ചുറ്റി ജീവിതം ആഘോഷിക്കുന്ന ഒട്ടേറെപ്പേരുണ്ട്. യാത്രകളെ അത്രകണ്ട് പ്രണയിക്കുന്നവർ. എന്നാൽ നഗ്‌നരായി യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതാ കേട്ടോളൂ.. ഫ്രാൻസിലെ ദമ്പതികളായ നിക്കിനും ലിൻസിനും യാത്ര എന്നാൽ ജീവനാണ്. അത് വെറും യാത്രയല്ല, നഗ്നരായാണ് ഇവർ ഓരോ സ്ഥലവും സന്ദർശിക്കുന്നത്. തുടർന്ന് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്യും. ആർഭാടത്തേക്കാൾ പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് ഇവർക്ക് പ്രിയം. ഓരോ സ്ഥലത്തു പോയി വിവിധ രീതിയിൽ പോസുചെയ്ത് ആ ചിത്രങ്ങൾ അടിക്കുറിപ്പോടു കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും. എല്ലാത്തിലും ഇവർ നഗ്നരാണെന്ന് മാത്രം. നഗ്നരാണെങ്കിലും പൂർണ്ണ നഗ്നത ഇവർ എങ്ങും പ്രദർശിപ്പിക്കില്ല. അതിനുള്ള മുൻകരുതൽ നിക്കോ ലിൻസോ ഓരോ ചിത്രത്തിലും കൈക്കൊണ്ടിരിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പുറമെ ഒരു യാത്ര ബ്ലോഗും ഇരുവരും തുറന്നിട്ടുണ്ട്. വസ്ത്രങ്ങളുടെ കെട്ടുപാടില്ലാതെ ജീവിതം വളരെ മനോഹരമെന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാമിൽ നൽകുന്ന കുറിപ്പ്. അതുകൊണ്ടു തന്നെ ഇവരുടെ ലഗേജിനും ഭാരമില്ല. ഇവരുടെ ഇൻസ്റ്റഗ്രാം പേജിന് ഇരുപത്തിയേഴായിരത്തോളം ഫോളോവേഴ്സുണ്ട്. നിക്കും ലിൻസും ഒരു വർഷത്തോളമായി ലോകം ചുറ്റി സഞ്ചരിക്കാൻ തുടങ്ങിയിട്ട്. അവരുടെ സമയവും പണവുമെല്ലാം പുതിയ ആളുകൾക്കായി, പുതിയ സംസ്‌കാരങ്ങൾ കണ്ടെത്തുന്നതിനും ഈ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് വിശാലമായ വീക്ഷണം നേടുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നത്. നഗ്‌നത സാധാരണവത്ക്കരിക്കുക, ശാരീരികമായ ആത്മവിശ്വാസം കൈവരിക്കുക എന്നിവയാണ് ഈ യുവദമ്പതികളുടെ പ്രധാന അജണ്ട.