alum-kadavu
ആലുംകടവ്

കരുനാഗപ്പള്ളി: അധികൃതരുടെ അനാസ്ഥ മൂലം ആലുംകടവിന്റെ ടൂറിസം സാദ്ധ്യത മങ്ങുന്നു. കൊല്ലത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്ക് ടൂറിസ്റ്റുകൾക്ക് ആഹാരം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള ഇടത്താവളമായിരുന്നു ആലുംകടവ്. കാൽനൂറ്റാണ്ടിന് മുൻപ് വരെ ആലുംകടവിന് ടൂറിസം രംഗത്ത് മികച്ച സ്ഥാനമുണ്ടായിരുന്നു. വിശാലമായ കായൽപ്പരപ്പും സായംസന്ധ്യയിലെ അറബിക്കടലിലെ സൂര്യാസ്തമനവുമാണ് വിദേശ ടൂറിസ്റ്റുകളെ ആലുംകടവിലേക്ക് ആകർഷിച്ചിരുന്നത്. ആലുംകടവിലെത്തുന്ന ടൂറിസ്റ്റുകൾ കേരളത്തിന്റെ നാടൻ ഭക്ഷണം കഴിച്ച് കരുനാഗപ്പള്ളിയിൽ തങ്ങുന്നത് പതിവായിരുന്നു. ടൂറിസ്റ്റ് വള്ളങ്ങൾക്കും ബോട്ടുകൾക്കും അടുക്കാനായി ആലുംകടവിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച ബോട്ടുജെട്ടി ജീർണിച്ച് തുടങ്ങി. ആലുംകടവിന്റെ പ്രകൃതി രമണീയത സംരക്ഷിക്കാൻ കഴിയാത്തതിനാലാണ് ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞത്. മുൻപ് ഹൗസ് ബോട്ടിൽ ആലുംകടവിലെത്തിയിരുന്ന വിനോദ സഞ്ചാരികൾ രാത്രിയിൽ കൊതിമുക്ക് വട്ടക്കായലിൽ സമയം ചെലവഴിക്കുമായിരുന്നു.

ഹൗസ് ബോട്ടുകളുടെ നിർമ്മാണം

ഹൗസ് ബോട്ടുകളുടെ നിർമ്മാണത്തിലും ആലുംകടവ് മുൻപന്തിയിലായിരുന്നു. കേവ് വള്ളങ്ങൾക്ക് രൂപഭംഗി വരുത്തിയാണ് ഹൗസ് ബോട്ടുകൾ നിർമ്മിച്ചിരുന്നത്. കേവ് വള്ളങ്ങളെ ഹൗസ് ബോട്ടുകളാക്കി മാറ്റാമെന്ന് ആദ്യമായി തെളിയിച്ചത് കായൽ മഞ്ചം കിഷോർ എന്നറിയപ്പെടുന്ന മണ്ണാശ്ശേരിൽ കിഷോറാണ്. ഡൽഹി ടൂറിസം വകുപ്പിന്റെ ആവശ്യമനുസരിച്ച് നിരവധി ഹൗസ് ബോട്ടുകളാണ് ഇദ്ദേഹം നിർമ്മിച്ച് നൽകിയത്.

ഗ്രീൻ ചാനൽ

ആലുംകടവിന്റെ ടൂറിസം വികസന സാദ്ധ്യത കണ്ടറിഞ്ഞത് 2000ൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരാണ്. ആലുംകടവിലെ കായലോരത്ത് ആധുനിക നിലവാരം പുലർത്തുന്ന ടൂറിസം അമിനിറ്റി സെന്റർ (ഗ്രീൻ ചാനൽ) നിർമ്മിച്ചത്. തുടക്കത്തിൽ ഇതിന്റെ പ്രവർത്തനം ഡി.ടി.പി.സിക്ക് ആയിരുന്നെങ്കിലും കാലാന്തരത്തിൽ കെട്ടിടം സ്വകാര്യ വ്യക്തികൾക്ക് ലീസിന് നൽകി. രണ്ട് പതിറ്റാണ്ടിന് മുൻപ് പ്രവർത്തനം ആരംഭിച്ച ഗ്രീൻ ചാനലിന്റെ ഇരുമ്പ് കൈവരികൾ തുരുമ്പെടുത്തു തുടങ്ങി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ടൂറിസം വികസന പദ്ധതി വേണം

ആലുംകടവ്, കൊതിമുക് വട്ടക്കായൽ, കന്നേറ്റി ശ്രീനാരായണ ബോട്ട് ടെർമിനൽ, വള്ളിക്കാവ് അമൃതപുരി, അഴീക്കൽ മത്സ്യബന്ധന തുറമുഖം, അഴീക്കൽ ബീച്ച് എന്നിവിടങ്ങളെ കോർത്തിണക്കി ടൂറിസം വികന പദ്ധതിക്ക് രൂപം നൽകിയാൽ ആലുംകടവിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.