cow

ഒരു ഗ്രാമം നിറയെ പശുക്കൾ, അവയെ സ്നേഹത്തോടെ പരിപാലിച്ച് ജീവിക്കുന്ന ഗ്രാമീണർ.പാലും പാൽ ഉത്പ്പന്നങ്ങളും ആവശ്യത്തേക്കാളാറെ. എന്നാൽ ഇതൊന്നും ആർക്കും വിൽക്കില്ല. ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും. ഇത് നമ്മുടെ ഇന്ത്യയിലെ ഗ്രാമം തന്നെയാണ്. മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലെ യേലേഗാവ് ഗവാലി.

എന്തുകൊണ്ടാണ് വിചിത്രമെന്നു തോന്നുന്ന ഈ കാര്യങ്ങൾ ഇവർ ചെയ്യുന്നതെന്നല്ലേ? അതിനുമുണ്ട് ഉത്തരം.

യേലേഗാവ് ഗവാലി ഗ്രാമം അറിയപ്പെടുന്നതു തന്നെ പാൽക്കാരുടെ ഗ്രാമം എന്നാണ്. കാലാകാലങ്ങളായി പശുവളർത്തൽ ഇവർ ചെയ്യുന്നുണ്ടെങ്കിലും അന്നുമുതൽ ഇന്നു വരെ പാൽ പണത്തിനായി വിറ്റ ചരിത്രം ഇവർക്കില്ല. പാലു മാത്രമല്ല ഇവർ ആവശ്യക്കാർക്ക് സൗജന്യമായി നല്കുന്നത്. പാൽ ഉല്പന്നങ്ങളും ഗ്രാമീണർ സൗജന്യമായി തന്നെയാണ് ആവശ്യക്കാർക്ക് നല്കുന്നത്. ഗ്രാമത്തിലെ 90 ശതമാനം ആളുകൾക്കും കന്നുകാലി വളർത്തുന്നുണ്ട്. 550 കുടുംബങ്ങളാണ് ഇവിടെ ഗ്രാമത്തിലുള്ളത്. ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്നാണ് യേലേഗാവ് ഗവാലി ഗ്രാമക്കാർ അവകാശപ്പെടുന്നത്. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ഇവർ പാലിന് ഒരിക്കലും വില ഈടാക്കാതെ ആവശ്യക്കാർക്ക് നല്കുന്നതും. ഇവർ മാത്രമല്ല, ഈ ഗ്രാമത്തിലെ മറ്റു മതക്കാരായ ആളുകളും തലമുറകളായി ഈ തീതി പിന്തുടരുന്നുണ്ടത്രെ.