kollam-bypass
കൊല്ലം ബൈപ്പാസ് (ഫയൽ ചിത്രം)​

 എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്

കൊല്ലം: ബൈപ്പാസിനെ രാത്രികാലങ്ങളിൽ അപകടത്തുരുത്താക്കുന്ന ഇരുട്ടിന് വിട. ഇന്ന് രാത്രി മുതൽ ബൈപ്പാസിലാകെ എൽ.ഇ.ഡി വെളിച്ചം നിറയും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി ജി. സുധാകരൻ എൽ.ഇ.ഡി വിളക്കുകളുടെ സ്വിച്ച് ഓൺ നിർവഹിക്കും.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുല്യമായി പണം ചെലവഴിച്ചാണ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 15ന് ഉദ്ഘാടനം നടത്തി തുറന്നുകൊടുത്തെങ്കിലും സന്ധ്യമയങ്ങിയാൽ പാതയെ ഇരുട്ട് വിഴുങ്ങുന്ന അവസ്ഥയായിരുന്നു. റോഡിനിരുവശങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പാലങ്ങളിൽ മാത്രം 70 സോഡിയം വേപ്പർ വിളക്കുകൾ മാത്രമാണ് സ്ഥാപിച്ചത്.

നിർമ്മാണത്തിന്റെ അന്തിമഘട്ട പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി കളക്ടറേറ്റിൽ നടത്തിയ യോഗത്തിലാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി ജില്ലാ കളക്ടർ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധികമായി 415 ലൈറ്റുകൾ സ്ഥാപിക്കാൻ 4.699 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയായിരുന്നു.

 അപകടങ്ങളൊഴിയും

ബൈപ്പാസിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടങ്ങൾ പതിവായിരുന്നു. അമിതവേഗയിലെത്തുന്ന മറ്റ് വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചുവീഴ്ത്തുന്നത് പതിവ് സംഭവമായി. എൽ.ഇ.ഡി ലൈറ്റുകൾ തെളിയുന്നതോടെ ബൈപ്പാസിലെ അപകടനിരക്ക് വലിയ അളവിൽ കുറയുമെന്നാണ് പ്രതീക്ഷ.

 ''ലൈറ്റ് സ്ഥാപിക്കുന്ന ചെലവിന്റെ പകുതിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വഹിക്കേണ്ടതാണ്. ഇതുവരെ അവർ അനുമതി നൽകിയില്ല. അതിനാൽ കാത്തുനിൽക്കാതെ സംസ്ഥാന ഫണ്ടിൽ നിന്ന് മുഴുവൻ തുകയും നൽകി ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു."

ജി. സുധാകരൻ (പൊതുമരാമത്ത് വകുപ്പ് മന്ത്രി)

415 എൽ.ഇ.ഡി ലൈറ്റുകൾ

ചെലവ്: 4.699 കോടി