കുന്നത്തൂർ : ശാസ്താംകോട്ട പഞ്ചായത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 വ്യാപിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ 13 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചെങ്കിലും വ്യാപക സമ്പർക്കമുണ്ടായിരുന്ന ഇദ്ദേഹത്തിൽ നിന്ന് ആർക്കും രോഗം പകരാതിരുന്നത് ആശ്വാസമായി. എന്നാൽ മുതുപിലാക്കാട് പുന്നമൂട്ടിൽ പൊലീസുകാരനും മരംവെട്ട് തൊഴിലാളിക്കും രോഗം സ്ഥിരീകരിക്കുകയും ഇവരിൽ നിന്നുള്ള സമ്പർക്ക രോഗികൾ വർദ്ധിച്ചതുമാണ് ആശങ്കയ്ക്കിടയാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുന്നമൂട്ടിൽ ഇന്നലെ മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൊലീസുകാരന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവരെല്ലാം. പുന്നമൂടിന്റെ അതിർത്തിയായ പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ പുതുശേരിമുകൾ ഭാഗത്ത് 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെയെല്ലാം സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്.
ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് തുറക്കും
തൊഴിലുറപ്പ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കുന്നത്തൂർ താലൂക്കിൽ ഇന്നലെ 19 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശാസ്താംകോട്ടയിൽ പതിമൂന്നും പോരുവഴിയിൽ മൂന്നും പടിഞ്ഞാറേ കല്ലടയിൽ രണ്ടും ശൂരനാട് തെക്ക് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തഴവയിൽ ഒരാൾക്ക് കൂടി കൊവിഡ്
തഴവ: തഴവ പഞ്ചായത്ത് മുല്ലശേരി മുക്ക് വാർഡിൽ ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട റാന്നിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഫീൽഡ് വർക്കറായ 28കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജോലി സംബന്ധമായി അടൂരിലും റാന്നിയിലുമായി കഴിഞ്ഞുവന്ന യുവാവ് ഇക്കഴിഞ്ഞ 14ന് വൈകിട്ടാണ് ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. 16ന് പനി അനുഭവപ്പെട്ടതോടെ അന്ന് വൈകിട്ട് വട്ടപ്പറമ്പ് ജംഗ്ഷന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. യുവാവിനെ ശാസ്താംകോട്ടയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. യുവാവിന്റെ വീട്ടുകാരും യുവാവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരും ക്വാറന്റൈനിലാണ്. അണുനശീകരണത്തിന് ശേഷമേ സ്വകാര്യ ആശുപത്രി തുറന്ന് പ്രവർത്തിക്കൂവെന്ന് തഴവ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ് അറിയിച്ചു. 64 പേർക്ക് പരിശോധന കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ തഴവ, മണപ്പള്ളി, പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിൽ നിന്നായി ഇന്നലെ 64 പേരെക്കൂടി ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തഴവയിൽ പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കുന്നതിനായി തഴവയിലെ 22 വാർഡുകളിലും ക്ളസ്റ്ററുകൾ രൂപീകരിച്ചു. അദ്ധ്യാപകരെ മോണിറ്ററിംഗ് ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. സി. ജനചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി