കൊട്ടിയം: ദേശീയപാതയിലൂടെ പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കൊട്ടിയം കമ്പിവിള സ്വദേശി ഷാജിയുടെ വീട്ടിൽ വളർത്തിയിരുന്ന പോത്താണ് വിരണ്ടോടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കെ.ഐ.പി റോഡിലൂടെ ഓടിയ പോത്ത് ഇ.എസ്.ഐ ജംഗ്ഷനിൽ നിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്നു.
വാഹനങ്ങൾക്കിടയിലൂടെ അപകടഭീതി വിതച്ച് തിരുവനന്തപുരം ഭാഗത്തേക്ക് കുതിച്ചുപാഞ്ഞ പോത്തിനെ നാട്ടുകാർ ചേർന്ന് സിത്താര ജംഗ്ഷന് സമീപത്ത് വച്ച് പിടിച്ചുകെട്ടുകയായിരുന്നു. വൈദ്യുത തൂണിൽ പിടിച്ചുകെട്ടിയെങ്കിലും പോത്ത് പിന്നെയും കുതറിയോടാൻ ശ്രമിച്ചു. ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസവും ഉണ്ടായി.