ഒരു സിനിമാ നടൻ/ നടിയുടെ ലുക്ക് കിട്ടണം എന്ന് പലരും സ്വപ്നം കാണാറുണ്ട്. എന്നാൽ, അലക്സിസ് എന്ന മേക്കപ്പ് കലാകാരന് എപ്പോൾ വേണമെങ്കിലും ആ സ്വപ്നം യാഥാർത്ഥ്യമാക്കാം. സെലിബ്രിറ്റി, സിനിമാ താരങ്ങൾ, പ്രമുഖ വ്യക്തികൾ ആരുമായിക്കൊള്ളട്ടെ, അലക്സിസിന് മേക്കപ്പ് ഉപയോഗിച്ച് തന്റെ മുഖം അവരുടേതായി രൂപാന്തരപ്പെടുത്താൻ കഴിയും. കക്ഷി ലിയോനാഡോ ഡി കാപ്രിയോ മുതൽ മാർപാപ്പ വരെ ആയ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.

എലിയറ്റ് ജോസഫ് റെന്റ്സ് എന്ന അലക്സിസ് സ്റ്റോൺ, യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ഓൺലൈൻ മേക്കപ്പ് ഇൻഫ്ലുവെൻസറാണ്. ഫോട്ടോകൾ ഡിജിറ്റലായി മാറ്റിയിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നുണ്ടെങ്കിലും മേക്കപ്പും മുഖഭാവങ്ങളെ അനുകരിക്കുന്നതുമാണ് ചിത്രങ്ങൾക്ക് പൂർണത നൽകുന്നത് എന്ന് അലക്സിസ് അവകാശപ്പെടുന്നു. “എല്ലാ ദിവസവും കുറച്ച് നേരത്തേക്ക് മറ്റൊരാളായി മാറാൻ കഴിയുന്നത് രസകരമാണ്. ആരുടെയെങ്കിലും മുഖം പഠിച്ച്, മേക്കപ്പ് ഉപയോഗിച്ച് അത് പുനഃസൃഷ്ടിക്കുന്നത് എനിക്ക് ഒരു ഹരമാണ്.” അലക്സിസ്‌ പറയുന്നു. 'മേക്കപ്പ് ആരുടേയും സഹായമില്ലാതെയാണ് ഞാൻ പഠിച്ചത്'.

കഴിഞ്ഞ രണ്ടുവർഷം കൊണ്ട്, അലക്സിസിന് തന്റെ മേക്കപ്പ് ബിസിനസ് കെട്ടിപ്പടുക്കാനായി. ആളിപ്പോൾ വീട്ടിൽ ഇരുന്ന് കൂടുതൽ രൂപമാറ്റങ്ങൾ നടത്തി ആളുകളെ അമ്പരപ്പിക്കുന്ന തിരക്കിലാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8,45,000 ഫോളോവേഴ്‌സ് ഉള്ള അലക്‌സിസ് സോഷ്യൽ നെറ്റ്‌വർക്കിലെ ഏറ്റവും മികച്ച മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായിട്ടാണ് ഇപ്പോൾ അറിയപ്പെടുന്നത്.