ഡൽഹിയിലെ പ്രസിദ്ധമായ ഹിന്ദു കോളേജിൽ ഒരു മരമുണ്ട്. ഈ മരത്തോട് പ്രാർത്ഥിച്ചാൽ എത്രയും വേഗം പ്രണയം സഫലമാകുമെന്നാണ് ആൺകുട്ടികളുടെ വിശ്വാസം. വിർജിൻ ട്രീ അഥവാ വിട്രീ എന്ന് വിളിക്കുന്ന ഈ മരത്തെ ആൺകുട്ടികൾ പൂജിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ വർഷവും വാലന്റൈൻസ് ഡേയിലാണ് ഈ മരത്തെ പൂജിക്കുക. വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും താരസുന്ദരിമാരായിരിക്കും ആരാധനാ മൂർത്തി. ദംദാമി മായി എന്നാണ് ദേവതയെ വിളിക്കുന്നത്. ബലൂണുകളും റിബണുകളുമൊക്കെ
ദംദാമി മായിയുടെ പോസ്റ്ററിനടുത്ത് തൂക്കിയിടും. ഏതെങ്കിലും ആൺകുട്ടി ഹിന്ദു പുരോഹിതന്റെ വേഷം ധരിച്ച്, തങ്ങളുടെ ദേവതയ്ക്കു മുന്നിൽ പാടി പുകഴ്ത്തി പ്രാർത്ഥിക്കും. ശേഷം ഈ ദേവതയുടെ പേരിൽ നേദിച്ച പ്രസാദം കഴിച്ച് നൃത്തവും പാട്ടുമൊക്കെയായി ആഘോഷിക്കും. കോളേജിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ആചാരത്തിൽ പങ്കെടുക്കും.
പ്രതിഷേധവുമുണ്ട്
കാമ്പസിലെ ഒരുകൂട്ടം പെൺകുട്ടികൾ ഇതിനെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്. ഈ ആചാരം ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവുമാണെന്നാണ് അവർ പറയുന്നത്. കാമ്പസിനകത്ത് സ്ത്രീ സമത്വവും സുരക്ഷയും നിഷേധിക്കുന്നതാണ് ഇത്തരം കൃത്യങ്ങൾ എന്നും അവർ പറയുന്നു.
ആചാരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചർച്ചയ്ക്കിരുന്നു. എന്നാൽ ചർച്ച എങ്ങുമെത്താതെ പിരിയുകയായിരുന്നു. ഇതൊരു നിരുപദ്രവകരമായ തമാശ മാത്രമാണെന്നാണ് പലരും വാദിച്ചത്.
1980കളിൽ തുടങ്ങി
1980കളിലാണ് ഹിന്ദുകോളേജിൽ ഈ മരത്തെ ആരാധിച്ചു തുടങ്ങിയത്. കമിതാക്കൾ ഈ മരച്ചുവട്ടിൽ ഇരിക്കുന്നത് കാരണം ഇതിന് പ്രണയമരമെന്ന വിശേഷണം വരികയായിരുന്നു. അന്നൊന്നും ഇന്ത്യയിൽ വാലന്റൈൻസ് ഡേ ഇത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. കാലക്രമേണയാണ് മരം വളരെ പ്രസിദ്ധമായത്.