2018 ആഗസ്റ്റ് മുതൽ ഉണ്ടായ ജലപ്രളയങ്ങൾ നമ്മുടെ ജീവിതത്തെയും ചിന്തകളെയും മാറ്റിമറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജമലയിൽ നടന്ന വൻ ദുരന്തം എല്ലാവരെയും ദുഃഖിപ്പിക്കുന്നതാണ്. ജനങ്ങളുടെ സംസാരത്തിലും പത്രങ്ങളിലും ടി.വി മുതലായ സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചകളിലുമൊക്കെ പ്രളയ ചിന്തകൾ നിറഞ്ഞു. പ്രളയം എങ്ങനെ ഉണ്ടായി, പ്രകൃതി ഉണ്ടാക്കിയതോ മനുഷ്യൻ ഉണ്ടാക്കിയതോ അതോ ഭാഗികമായി മനുഷ്യൻ ഉണ്ടാക്കിയെടുത്തതോ എന്നിങ്ങനെ പോകുന്നു ചിന്തകൾ. പലതിലും ചില സത്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും പല വസ്തുതകളും അതിൽ വെളിപ്പെട്ട് കാണുന്നില്ല.
പ്രളയമുണ്ടായത് കനത്ത മഴയും ഉരുൾ പൊട്ടലും മൂലമെന്ന് എല്ലാവരും സമ്മതിക്കും. കനത്ത മഴയേ വിശദീകരിക്കേണ്ട കാര്യമില്ല. അന്തരീക്ഷ ന്യൂന മർദ്ദവും കാറ്റിലെ ചുഴലികളുമാണ് മഴയെ കൊണ്ടുവരുന്നത്. ഉരുൾ പൊട്ടലോ? ഈ പദം പ്രളയകാര്യ ചിന്തകളിൽ വരുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ എന്തെന്ന് ആരും പറയുന്നില്ല. പലപ്പോഴും മണ്ണിടിച്ചിൽ എന്നാണ് പറയുക. ഇംഗ്ലീഷിൽ landslide എന്ന വാക്കാണ് ഉപയോഗിക്കുന്നത്. മഴക്കാലത്ത് കുന്നുകളിലും ചെരിവുകളിലും മണ്ണിടിഞ്ഞ് താഴേക്ക് തെന്നിയിറങ്ങുന്നു. പക്ഷേ ഇത് ഉരുൾ പൊട്ടലല്ല. ഉരുൾ പൊട്ടൽ ഇല്ലാതെ തന്നെ കനത്ത മഴയുള്ളപ്പോൾ മണ്ണിടിച്ചിൽ ഉണ്ടാകാം. ഉരുൾ പൊട്ടലുണ്ടായാലോ? തീർച്ചയായിട്ടും അവിടെ മണ്ണിടിയും. മണ്ണ് ആഴത്തിൽ കുഴിയും. മാത്രമല്ല ഉരുൾ പൊട്ടിയിടത്ത് മണ്ണും വൃക്ഷങ്ങളും പാറക്കല്ലുകളും വീടുകളുമെല്ലാം ഇളകി മറിഞ്ഞ് കുഴഞ്ഞ് താഴേക്ക് കുതിച്ചുപാഞ്ഞതായി കാണാം. അപ്പോൾ ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് പോയി നോക്കിയാൽ അവിടെ മണ്ണോ വൃക്ഷങ്ങളോ ഒന്നും കാണില്ല. അത് കൊണ്ടായിരിക്കാം ഉരുൾ പൊട്ടലിനു പകരം മണ്ണിടിച്ചിൽ (landslide) എന്ന പ്രയോഗം വന്നത്.
ഇനി എന്താണ് ഉരുൾ പൊട്ടൽ? മലയാളം വിശ്വവിജ്ഞാനകോശത്തിൽ, ഉരുൾപൊട്ടൽ, മലമടക്കുകളിൽ സംഭൃതമാകുന്ന ജലം ഒരുമിച്ച് പുറത്തേക്ക് ഒഴുകുന്നതാണ് എന്ന് പറയുന്നു. എങ്കിലും പിന്നീട് അതിനെ അവർ പിന്തുണക്കുന്നില്ല. തുടർന്ന് കാറ്റും ചുഴലിയും അതിൽ പെടുന്ന മഴമേഘങ്ങളുമാണ് ഉരുൾ പൊട്ടലിന്റെ കാരണമെന്ന് സൂചിപ്പിക്കുന്നുമുണ്ട്.
ഇംഗ്ലീഷിൽ ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് landslide, mountain slid മുതലായ പദങ്ങളാണ് കാണുന്നത്. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഭൂമിയുടെ മണ്ണടുക്കുകളുമായി ബന്ധപ്പെട്ട crustal phenomena ആയിട്ടാണ് ശാസ്ത്ര സെമിനാറുകളിൽ പൊന്തി വന്നിട്ടുള്ള അഭിപ്രായം (Page4 – “Landslides– A guide to Researching Landslide Phenomena and Processes” by S.M. Arbanas, University of Zagreb & Z. Arbanas, University of Rijeka, Croatia – Feb 2015). മലയിലെ ഉള്ളറകളിൽ നിന്ന് വെള്ളം പുറത്തേക്ക് കുതിച്ചൊഴുകുന്നതാണ് വെള്ളപൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമെന്നാണ് അവർ പറയുന്നത്. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശാസ്ത്രലേഖനത്തിൽ പോലും ഉരുൾ പൊട്ടൽ ഭൂമിയുടെ മണ്ണടുക്കുകളിൽ ജലം നിറഞ്ഞ് പിന്നീട് പുറത്തേക്ക് കുത്തിപ്പാഞ്ഞൊഴുകുന്നതാണെന്നും ഉരുൾ പൊട്ടൽ മനുഷ്യനിർമ്മിതമായ ദുരന്തമാണെന്നും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരിയെന്ന് തോന്നുന്നില്ല. ശരിയെങ്കിൽ വെള്ളം പുറത്തേക്ക് കുതിച്ചൊഴുകിയ വലിയ ദ്വാരങ്ങളോ ഗുഹകളോ മലഞ്ചെരിവിൽ കാണേണ്ടതാണ്. ഉരുൾ പൊട്ടിയ സ്ഥലങ്ങളിൽ ഇങ്ങനെ ഒന്നും കാണാറില്ല. മറ്റൊരു കാര്യം മലഞ്ചെരുവിൽ ഉരുൾ വീണ സ്ഥലത്തിന്റെ ഉയരമാണ്. മലയുടെ ഉള്ളറകളിൽ നിന്നുള്ള ഒഴുക്കാണ് ജലപ്രളയത്തിന് കാരണമെങ്കിൽ ഇത്രയും ജലം മലയുടെ അടിത്തട്ട് മുതൽ മുകളിലേക്ക് സംഭരിക്കപ്പെടുകയും മർദ്ദം ഏറ്റവും കൂടുതൽ ഉള്ള അടിത്തട്ടിലൂടെ പുറത്തേക്ക് വരാനുമാണ് സാദ്ധ്യത. എന്നാൽ അടിത്തട്ടിൽ ദ്വാരങ്ങളോ ഗുഹകളോ കാണാറില്ല. തന്നെയുമല്ല മലയുടെ മുകൾപരപ്പിലോ അതിനടുത്ത് ചെരുവിലോ ആണ് സാധാരണ ഉരുൾ വീണ് മണ്ണിളകിയ പാട് കാണാറുള്ളത്. അവിടെ ഇത്രയും വലുപ്പത്തിൽ വെള്ളം വന്ന് പതിക്കണമെങ്കിൽ അത് മുകളിൽ നിന്ന് വന്നത് തന്നെയാകണം.
കേരളത്തിന്റെ കിഴക്കൻ മലമ്പ്രദേശങ്ങളിലാണ് നാം ഉരുൾ പൊട്ടൽ എന്ന പ്രതിഭാസം കണ്ടുവരുന്നത്. എങ്ങനെയാകാം ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്? കനത്ത മഴമേഘങ്ങൾ ഉയരത്തിൽ ആകാശത്ത് തിങ്ങിനിറഞ്ഞുനിൽക്കുന്ന അവസ്ഥ. മലകൾക്ക് മുകളിലൂടെ അഥവാ പർവതങ്ങൾക്ക് മുകളിലൂടെ മേഘങ്ങളുമായി കാറ്റ് വീശുമ്പോൾ വായുവിൽ വലുതും ചെറുതുമായ ചുഴികൾ / ചുഴലികൾ (whirlpools, cyclones) ഉണ്ടാകുന്നു. (പുഴയിലെ വെള്ളം, വെള്ളത്തിന് മുകളിൽ പൊങ്ങിനിൽക്കുന്ന കല്ലുകളുടെയും പാറകളുടെയും ചുറ്റും ഒഴുകുമ്പോൾ അവിടെ ചുഴികളുണ്ടാകുന്നത് പോലെ തന്നെയാണ് ഇവിടെയും സംഭവിക്കുക. സമതല ഭൂമിക്ക് മുകളിലൂടെയോ സമുദ്രജലോപരിതലത്തിലൂടെയോ വായു പ്രവഹിക്കുമ്പോഴും ചെറുതും വലുതുമായ ചുഴലികൾ - hurricanes, ജലോപരിതലത്തിൽ waterspout എന്ന് വിളിക്കുന്ന ജലകാണ്ഡം/ ജലസ്തംഭം മുതലായവ ഉണ്ടാകാറുണ്ട്. എന്നാൽ നാം ഉരുൾ പൊട്ടലുണ്ടാക്കുന്ന ചുഴലി മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളു). കാറ്റിന്റെ വേഗതക്കനുസരിച്ച് ചുഴലികളുടെ കറക്കവും കൂടും. കേന്ദ്രീയമായ ഒരു രേഖയിലേക്ക് മേഘങ്ങളിലെ മഴത്തുള്ളികൾ വലിച്ചടുപ്പിക്കപ്പെടുന്നു. കിലോമീറ്ററുകൾ വിസ്തൃതിയുള്ളതായിരിക്കാം ഈ ചുഴലികൾ. കറക്കത്തിൽ അതി ഭീമാകാരമായ വലുപ്പത്തിലേക്ക് ഈ ജലസഞ്ചയം വളരുന്നു. അതേ സമയം ഭൂമിയുടെ ആകർഷണത്താൽ ഈ ജലഖണ്ഡം താഴേക്ക് പതിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് " ആകാശ ജലപ്രവാഹം " എന്ന് വിളിക്കാവുന്ന ഉരുൾ പൊട്ടൽ ഉണ്ടാകുന്നത് എന്ന് കരുതാം. ഈ ആകാശ ജലപ്രവാഹം cloud explosion / മേഘവിസ്ഫോടനം കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചില വാർത്താ മാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ഇത് ശരിയോ എന്ന് സംശയം. ഇതിന്റെ നേരെ വിപരീതാവസ്ഥയാണ് ശരി. Cloud implosion / മേഘസാന്ദ്രീകരണം / മേഘസങ്കോചമാണ് ഉരുൾ പൊട്ടലെന്ന ആകാശ ജലപ്രവാഹത്തിന് കാരണം.
മലകളും പർവതങ്ങളുമൊക്കെ ഒരു സ്ഥലത്ത് തന്നെ നിൽക്കുന്നതുകൊണ്ട് സാധാരണ കാറ്റടിക്കുമ്പോൾ ചുഴികളും ഉരുൾ പൊട്ടലുകളും ചില പ്രത്യേക ഭൂപ്രദേശത്തായിരിക്കും ഉണ്ടാകുക. അതായത് സാധാരണ വർഷ കാലങ്ങളിൽ ഉരുൾ പൊട്ടൽ എവിടെയുണ്ടാകാമെന്ന് നമുക്ക് മിക്കവാറും മനസിലാക്കാം. എന്നാൽ അസാധാരണ സന്ദർഭങ്ങളിൽ, അതായത് മുമ്പുണ്ടാകാത്ത അതിശക്തമായ കാറ്റുള്ളപ്പോൾ എവിടെ ഉരുൾ പൊട്ടുമെന്ന് നമുക്ക് കൃത്യമായി പറയാനും വയ്യ.
അങ്ങ് ഉയരത്തിലെ അതിശൈത്യത്തിൽ ഈ ഭീമാകാര ജലസഞ്ചയം തണുത്തുറഞ്ഞ വലിയ മഞ്ഞുകട്ടയുടെ ഒരു സ്തംഭമാകാൻ സാദ്ധ്യതയുണ്ട് (കൊടും തണുപ്പിലെ മഴയിൽ “ആലിപ്പഴം” – Hailstones ഉണ്ടാകുന്നത് പോലെ). നാട്ടു ഭാഷയിലെ ഉരുളും പൊട്ടലും ഉരുളൻ തടി പോലെ ഉള്ള മഞ്ഞുകട്ടയുടെ സ്തംഭവുമായി ബന്ധപ്പെട്ട് ഉണ്ടായതായിരിക്കാം. സാധാരണ മലഞ്ചെരുവിലാണ് ഉരുൾ പൊട്ടുന്നത്. എന്നാൽ താഴേക്ക് വീഴുന്നതോടൊപ്പം കാറ്റിന്റെ വേഗതക്കനുസരിച്ച് അതേ ദിശയിൽ ജല സഞ്ചയം നീങ്ങുന്നതുകൊണ്ട് കുന്നുകളുടെ വശങ്ങളിൽ മാത്രമല്ല അതിനു ശേഷമുള്ള താഴ്വരയിലോ സമതല പ്രദേശങ്ങളിലോ വേണമെങ്കിലും ഉരുൾ പൊട്ടാനുള്ള അൽപസാദ്ധ്യതയുണ്ട്. അന്തരീക്ഷത്തിൽ താപനില ഏറ്റവും കുറയുന്നത് രാത്രിയിലാണ്. അതുകൊണ്ടുതന്നെയായിരിക്കാം ഉരുൾ പൊട്ടലുണ്ടാകുന്നത് സാധാരണ –രാത്രിയിലാകുന്നത്. അന്തരീക്ഷത്തിൽ മഴയോ ഉരുളോ രൂപപ്പെടുന്നത് നമുക്ക് നിയന്ത്രിക്കാനാകില്ല. സൂക്ഷ്മരൂപത്തിലെങ്കിലും അവ രൂപപ്പെട്ടാൽ മാത്രമേ ശാസ്ത്രോപകരണങ്ങളുടെ സഹായത്തോടെ നമുക്ക് അതിന്റെ വലിപ്പവും ഗതിദിശയും വളർച്ചാനിരക്കുമൊക്കെ മനസിലാക്കാൻ പറ്റൂ. അങ്ങനെ അതിന്റെ വഴിയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക മുതലായ രക്ഷാപ്രവർത്തനങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അന്തരീക്ഷത്തിലൂടെ പാഞ്ഞുവരുന്ന മിസൈലിനെ പിന്തുടർന്ന് ചെന്ന് ഭൂമിയിൽ എത്തുന്നതിനകം തന്നെ തകർക്കുന്ന ഇന്റർസെപ്ടർ മിസൈലുകൾ പോലുള്ള സംവിധാനങ്ങൾ, ചുഴലിക്കാറ്റിനെയോ ന്യൂനമർദ്ദത്തെയോ തകർക്കാനായി ഇപ്പോഴും നമുക്ക് കൈവശമില്ല. പ്രശ്നങ്ങൾ ഉണ്ടായാൽ ധൃതഗതിയിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ജനങ്ങളെ നേരത്തേ തന്നെ വേണ്ട രീതിയിൽ മനസിലാക്കി കൊടുക്കേണ്ടത് ഒരാവശ്യമാണ്. ഉരുൾ പൊട്ടലിനെയും വെള്ളപ്പൊക്കത്തെയും പ്രതിഭാസങ്ങളായി തിരിച്ചറിയുകയും ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള ഭൂപ്രദേശങ്ങളെ ശാസ്ത്രീയമായ അന്തരീക്ഷ-ഭൂമിശാസ്ത്ര പഠനങ്ങളിലൂടെ മനസിലാക്കാൻ നാം ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അന്തരീക്ഷ സ്വഭാവം നമ്മളെ അമ്പരപ്പിക്കുന്ന രീതിയിൽ അതി ശീഘ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. തന്മൂലം സൂക്ഷ്മ ശാസ്ത്രോപകരണങ്ങൾ ഉണ്ടെങ്കിൽ കൂടി ഏറ്റവും ദുഷ്കരമായ ഒന്നാണ് കാലാവസ്ഥാപ്രവചനം. അതുകൊണ്ട് പ്രവചനങ്ങളിൽ നിന്നൊക്കെ മാറി മഴയും ഉരുൾ പൊട്ടലും കുറച്ച് കൂടിയാലും കുറഞ്ഞാലും നമുക്ക് നമ്മുടെ ശാസ്ത്രജ്ഞന്മാരോട് പിണങ്ങാതിരിക്കാം.
ലേഖകൻ, പ്രൊഫ. എം.ഐ. രാജപ്പൻ, കൊല്ലം എസ്.എൻ.കോളേജിലെ പ്രൊഫസറും ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡും ആയിരുന്നു. ഫോൺ: 9446112064