ഓണത്തെ വരവേൽക്കാൻ കരുതലോടെ നാടൊരുങ്ങുന്നു
കൊല്ലം: കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ചെന്ന ആത്മവിശ്വാസത്തോടെയാണ് ഓണത്തിനായി നാടൊരുങ്ങുന്നത്. വ്യാപാര കേന്ദ്രങ്ങൾ ആഘോഷത്തിലേക്ക് പതിയെ എത്തുന്നുണ്ട്. ഓണക്കിറ്റും റേഷൻ വിഹിതവുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകളും ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവതിനും സബ്സിഡി നൽകി വിപണന കേന്ദ്രങ്ങളും സാധാരണക്കാരന് ഒപ്പം ചേരുകയാണ്.
ആഘോഷങ്ങൾ അനിവാര്യമാണെങ്കിലും കൊവിഡിനൊപ്പമാണ് ജീവിക്കുന്നതെന്ന ബോദ്ധ്യത്തോടെ ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കണം. കടുത്ത പ്രതിരോധ മുന്നൊരുക്കങ്ങൾക്കിടയിലും ജില്ലയിലെ കൊവിഡ് കണക്കുകൾ പിടിതരാതെ കുതിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 605 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 543 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്.
സാഹചര്യം ഇങ്ങനെ തുടർന്നാൽ വരും ദിവസങ്ങളിലും രോഗം വഴിമാറി നിൽക്കാനിടയില്ല. ഗൃഹോപകരണ മേളകൾ, പച്ചക്കറി - പലചരക്ക് വിൽപ്പന കേന്ദ്രങ്ങൾ, വസ്ത്ര വിപണന ശാലകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ആവശ്യക്കാർ കൂടുതലായി എത്തുമ്പോൾ കരുതൽ മറക്കരുത്. യാത്രകൾ പരമാവധി കുറച്ച് വീടിനുള്ളിൽ ഓണം ആഘോഷിക്കുന്നതാണ് നല്ലത്.
വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയം കൂട്ടണം
ലോക്ക് ഡൗൺ മാന്ദ്യം മറികടക്കാൻ വൻ ഓഫറുകളാണ് വിപണി നൽകുന്നത്. അരിയും പപ്പടവും ഉപ്പേരിയും പായസ കിറ്റും അടക്കം 23 ഇനം സാധനങ്ങൾ അടങ്ങുന്ന ഓണക്കിറ്റ് ആയിരം രൂപയിൽ താഴെ നൽകുമെന്ന സ്വകാര്യ സൂപ്പർ മാർക്കറ്റുകളുടെ പരസ്യങ്ങൾ വിപണിയിലെ ട്രെൻഡായി. ജനങ്ങൾ കൂടുതലായി ആശ്രയിക്കാൻ സാദ്ധ്യതയുള്ള വിഭാഗങ്ങളിലെ എല്ലാ വ്യാപാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം കൂട്ടാൻ അനുമതി നൽകണം. ഇല്ലെങ്കിൽ തിരക്ക് വർദ്ധിക്കാനിടയാക്കും.
രോഗം എവിടുന്നും പകരാം
ആരിൽ നിന്നും രോഗം പകരാമെന്ന സ്ഥിതിയിലാണ് സമൂഹം. അതിനാൽ ബന്ധു- സുഹൃത്ത് സന്ദർശനം, വിപണന കേന്ദ്രങ്ങളിലെ പാച്ചിൽ തുടങ്ങി മുൻ വർഷങ്ങളിലെ പതിവുകളൊക്കെ ഇത്തവണ മാറ്റിവയ്ക്കുന്നതാകും നല്ലത്. കൊവിഡ് കാലത്ത് നിങ്ങൾ സമ്മാനങ്ങളുമായി ചെല്ലുന്നത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇഷ്ടപ്പെടണമെന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വിപണിയിലെ ആൾക്കൂട്ടത്തിനൊപ്പം ചേരരുത്. ആരിൽ നിന്നും രോഗം ബാധിക്കാം
2. സാധനങ്ങൾ വാങ്ങാൻ തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കുക
3. യാത്രകൾ ഒഴിവാക്കി ഓണക്കാലം കുടുംബത്തിനൊപ്പം ചെലവിടാം
4. പൊലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ പാലിക്കണം
5. രോഗ വ്യാപന മേഖലകളിൽ കൂടുതൽ ശ്രദ്ധയും സ്വയം നിയന്ത്രണവും വേണം
കൊവിഡ്
കഴിഞ്ഞ 10 ദിവസം: 605 പേർക്ക്
സമ്പർക്കം: 543
''
ആർക്കും കൊവിഡ് ബാധിക്കാം. രോഗത്തിൽ നിന്ന് സ്വയം മാറി നിൽക്കുക.
ബി. അബ്ദുൽ നാസർ,
ജില്ലാ കളക്ടർ